Skip to main content

സരിതയിലെ നിറഞ്ഞ സദസ്സിന്റെ മനസ്സിൽ ഇടം നേടി 'ക്വോ വാഡിസ്, ഐഡ?'

സരിതയിലെ നിറഞ്ഞ സദസ്സിന്റെ മനസ്സിൽ ഇടം നേടി 'ക്വോ വാഡിസ്, ഐഡ?'

കൊച്ചി: ബോസ്നിയ നേരിട്ട കൊടും ക്രൂരതയുടെ കഥ സൂക്ഷ്മമായി ആവിഷ്കരിച്ച് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനചിത്രമായ ക്വോ വാഡിസ്, ഐഡ? പ്രേക്ഷക മനസ്സിൽ ഇടം നേടി. സരിത തിയേറ്ററിലെ നിറഞ്ഞ സദസ്സിൽ നിന്നും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.  സെബ്രെനിക്കയിലെ അഭയാർഥികൾക്ക് കടന്നുപോകേണ്ടിവന്ന നിസ്സഹായതയും പ്രക്ഷുബ്ധതയും കൃത്യമായി അടയാളപ്പെടുത്താൻ ക്വോ വാഡിസ്, ഐഡയ്ക്ക് കഴിഞ്ഞു.

ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതിലെ ഏറ്റവും നിഷ്ഠുരമായ അദ്ധ്യായങ്ങളിലൊന്നാണ് 1995 കാലഘട്ടത്തില്‍ നടന്ന ബോസ്‌നിയന്‍ യുദ്ധവെറി. ജനറല്‍ റാറ്റ്‌കോ മലാഡിക്കിന്റെ നേതൃത്വത്തില്‍ ബോസ്‌നിയന്‍ സെര്‍ബ് സൈന്യം കൊന്നു തള്ളിയത് 8000ൽ അധികം നിരപരാധികളെയായിരുന്നു. സ്രെബ്രെനിക്കയിലെ യു എന്നിന്റെ വിവര്‍ത്തകയായ ഐഡ എന്ന കഥാപാത്രത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്. സെര്‍ബിയന്‍ സൈന്യം നഗരം ഏറ്റെടുക്കുമ്പോള്‍ യു എന്‍ ക്യാമ്പില്‍ അഭയം തേടുന്ന ആയിരക്കണക്കിന് പൗരന്മാരില്‍ ഐഡയുടെ കുടുംബവും ഉള്‍പ്പെടുന്നു. തന്റെ കുടുംബം മരണത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് നിസ്സഹായതയോടെ കാണുന്ന  ഐഡയുടെ പരിഭ്രാന്തമായ കണ്ണുകളിലൂടെ സ്രെബനിക്കയിലെ ജനത നേരിട്ട ക്രൂരത ചിത്രം തുറന്നു കാട്ടുന്നു.  

പ്രമുഖ ബോസ്‌നിയന്‍ സിനിമാ സംവിധായികയും തിരക്കഥാകൃത്തുമായ ജാസ്മില സബാനിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യാസ്ന ജൂറിറ്റിച്ച് ഈസുഡിൻ ബൈറോവിച്ച്, ബോറിസ് ഇസകോവിച്ച് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

വെനീസ് രാജ്യാന്തര ചലച്ചിത്രമേളയിലും ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിലും മികച്ച പ്രതികരണം നേടിയ ചിത്രമാണ് ക്വോ വാഡിസ്, ഐഡ? 93-ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ബോസ്‌നിയന്‍ എന്‍ട്രിയായും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

date