നബീസയെ ഇനി എടുത്തു കയറ്റണ്ട; വീടിനു മുന്നിൽ പാലം നിർമ്മിക്കും
നബീസയെ ഇനി എടുത്തു കയറ്റണ്ട;
വീടിനു മുന്നിൽ പാലം നിർമ്മിക്കും
പെരിയാർ വാലി പദ്ധതിക്കു കീഴിലുള്ള കനാലിനായി ഭൂമി വിട്ടു നൽകിയ വാഴപ്പിള്ളി പുളിഞ്ചോട് സ്വദേശിനിക്ക് കനാൽ മുറിച്ചു കടക്കാൻ പാലം നിർമ്മിച്ചു നൽകാൻ അദാലത്തിൽ തീരുമാനം. പോളിയോ ബാധിച്ച് അരയ്ക്കു താഴെ ചലനശേഷിയില്ലാത്ത നബീസയെ തോളിൽ എടുത്ത് അടുത്ത വീട്ടിലെ പാലത്തിലൂടെയാണ് ഇപ്പോൾ കനാൽ മുറിച്ചു കടന്നിരുന്നത്. വീടിനു മുന്നിൽ പാലം നിർമ്മിച്ചു നൽകിയാൽ വീൽ ചെയറിൽ തനിയെ വീട്ടിലേക്ക് കയറാനും ഇറങ്ങാനും കഴിയുമെന്നും പാലം നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നുമായിരുന്നു നബീസയുടെ അപേക്ഷ.
നബീസയുടെ അപേക്ഷ പരിഗണിച്ച മന്ത്രി വി.എസ്. സുനിൽ കുമാർ വീൽചെയർ പോകാൻ കഴിയുന്ന വിധത്തിൽ നബീസയുടെ വീടിനു മുന്നിൽ പാലം നിർമ്മിക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ പെരിയാർ വാലി പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. ഇന്നു തന്നെ നേരിട്ട് പോയി സ്ഥലം സന്ദർശിക്കാനും ഒരു മാസത്തിനകം പാലം നിർമ്മിച്ചു നൽകാനുമാണ് മന്ത്രി നിർദേശിച്ചത്. നബീസയും സഹോദരി സെൽമ യും പ്രായമായ ഉമ്മയുമാണ് വീട്ടിലുള്ളത്. സമീപത്ത് താമസിക്കുന്ന സഹോദരനാണ് നബീസയെ എടുത്ത് കനാൽ മുറിച്ച് കടക്കുന്നത്. 40 വയസുള്ള നബീസയ്ക്ക്
15,000 രൂപ ചികിത്സാ സഹായവും അദാലത്തിൽ അനുവദിച്ചു.
സാന്ത്വനസ്പര്‍ശം 2021: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഉച്ചവരെ അനുവദിച്ചത് 25 ലക്ഷം രൂപ
എറണാകുളം: സംസ്ഥാന സര്‍ക്കാരിന്‍റെ സാന്ത്വനസ്പര്‍ശം 2021 അദാലത്തിന്‍റെ കോതമംഗലം വേദില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഉച്ചവരെ അനുവദിച്ചത് 25 ലക്ഷം രൂപ. ജില്ലയിലെ സാന്ത്വനസ്പര്‍ശം അദാലത്തിന്‍റെ അവസാനദിവസം കോതമംഗലം കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളില്‍ നിന്നുള്ള 125 അപേക്ഷകളിലായാണ് ഇത്രയും തുക അനുവദിച്ചത്.
അവശത അനുഭവിക്കുന്ന രോഗികളെ അദാലത്ത് വേദിയില്‍ എത്തിക്കാതെ തന്നെയാണ് ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കുന്നത്. അനുവദിച്ച തുക അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാകും. കോതമംഗലം എം.എ കോളേജില്‍ സംഘടിപ്പിച്ച അദാലത്തിന് മന്ത്രിമാരായ ഇ.പി ജയരാജന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
- Log in to post comments