Skip to main content

ഇറച്ചി ഉത്പന്ന സംസ്‌കരണ പ്ലാന്റ് ഏരൂരില്‍  പ്രവര്‍ത്തനമാരംഭിച്ചു

മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മൂല്യവര്‍ധിത ഇറച്ചി ഉല്പന്ന സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. ഏരൂര്‍ വിളക്കുപാറയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു.
മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വരുന്ന  ഒരു പൊതുമേഖലാ സ്ഥാപനമാണ്  മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡ്. പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ 40 തസ്തികകള്‍ സര്‍ക്കാര്‍ അനുവദിക്കുകയുണ്ടായി. മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനം ആരോഗ്യത്തിന് ഹാനികരമല്ലാത്ത തരത്തിലുള്ള ശുദ്ധമായ  ഇറച്ചി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കിഴക്കന്‍ മേഖലയുടെ വികസനത്തിന് ഒരു നാഴികക്കല്ലായി  ഈ സ്ഥാപനം മാറുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലയിലെ ഇടയാറില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക അറവുശാലയില്‍ ആട്, പോത്ത്, കാള എന്നിവയെ വെറ്ററിനറി ഡോക്ടര്‍മാര്‍, ഫുഡ് ടെക്‌നോളജിസ്റ്റുകള്‍, മറ്റ്  സാങ്കേതിക വിഭാഗം ജീവനക്കാര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍  ശുദ്ധീകരിച്ച്,  ശീതീകരണ ഇറച്ചി പാക്കറ്റുകളിലാക്കി കോള്‍ഡ് ചെയിന്‍ സമ്പ്രദായത്തില്‍ റീഫര്‍ വാന്‍ മുഖേന വിളക്കുപാറ ഫാക്ടറിയിലെ ശീതീകരണ സംവിധാനത്തില്‍ സ്റ്റോക്ക് ചെയ്യും. ഇതിനുശേഷമാണ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആധുനിക സംവിധാനത്തില്‍ സംസ്‌കരിക്കുന്നത്. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ്, ടൗണ്‍ പ്ലാനിങ് എന്നിവരുടെ നിബന്ധനകള്‍ പാലിച്ച് ഇ ടി പി സംവിധാനം ഉള്‍പ്പെടെയാണ് കെട്ടിട സമുച്ചയം പൂര്‍ത്തിയായിട്ടുള്ളത്.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം അംബിക കുമാരി, ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജയന്‍, വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, എം പി ഐ ചെയര്‍മാന്‍ ടി ആര്‍ രമേശ് കുമാര്‍, എം ഡി  ഡോ എ എസ് ബിജുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.478/2021)

 

date