Skip to main content

കൊല്ലം തോട്ടില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കണം

കൊല്ലം തോടിലേക്ക് വരുന്ന ചെറുതോടുകളില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നവകേരളത്തിന് ജനകീയാസൂത്രണം വികസന സെമിനാര്‍ സി കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊല്ലം തോട് നഗരത്തിന്റെ ധമനിയാണ്. തോട് മാലിന്യം നിറഞ്ഞാല്‍ അത് പൊതുജനാരോഗ്യത്തെ ബാധിക്കും. പൊതുജനാരോഗ്യ സംരക്ഷണം കൈ വിട്ടതാണ് അമേരിക്കയില്‍ അഞ്ച് ലക്ഷത്തോളം പേര്‍ കോവിഡ് വന്ന് മരിക്കാന്‍ കാരണം. ജനപക്ഷ ബദല്‍ ഉയര്‍ത്തി കൊച്ചു കേരളം ലോകത്തിന് മാതൃകയായി എന്നും മന്ത്രി പറഞ്ഞു.  
ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. കൊല്ലത്തെ ശുചിത്വ നഗരമാക്കി മാറ്റുമെന്ന് മേയര്‍ പറഞ്ഞു. പുഴയോരങ്ങളില്‍ മുളങ്കാടുകള്‍ സൃഷ്ടിക്കല്‍, ചാലുകള്‍, കുളങ്ങള്‍ എന്നിവയുടെ നവീകരണം, കോര്‍പ്പറേഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് ഹാം റേഡിയോ സെന്റ് സ്ഥാപിക്കല്‍, പ്രവാസികള്‍ നിര്‍ദ്ദേശിക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനു സൗകര്യമൊരുക്കല്‍, കുമാരനാശാന്‍ സംസ്‌കൃതി ഭവന്‍, പ്രധാന ജംഗ്ഷനുകളില്‍ സി സി ടി വി, പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകള്‍, സൗരോര്‍ജ്ജ് ഉപയോഗം വ്യാപിപ്പിക്കല്‍, രാമന്‍കുളങ്ങര ജംഗ്ഷനില്‍ ട്രാഫിക് ഐലന്റ്, ചൈനീസ് കൊട്ടാരം സംരക്ഷണം, റെയില്‍വേ സ്റ്റേഷന് സമീപം വാഹന പാര്‍ക്കിംഗ് ടവര്‍, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്, യുവാക്കള്‍ക്ക് ജെ സി ബി ട്രെയിനിംഗ് തുടങ്ങി 129 ചേരികളുടെ നവീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ വിദഗ്ധ സമിതിയുടെ നിയോഗം എന്നിങ്ങനെ 20 വികസന മേഖലകളിലെ വിവിധ പദ്ധതികള്‍ സെമിനാറില്‍ ചര്‍ച്ച് ചെയ്തു. ചര്‍ച്ചയ്‌ക്കൊടുവില്‍ വിവിധ പദ്ധതികള്‍ക്ക് രൂപരേഖയാക്കി.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി, വിവിധ സ്ഥിരം സമിതി പ്രതിനിധികളായ എസ് ജയന്‍, യു പവിത്ര, ജി ഉദയകുമാര്‍, എ കെ സവാദ്, സവിതാദേവി, കൗണ്‍സിലര്‍മാരായ ജോര്‍ജ്ജ് ഡി കാട്ടില്‍, ഗിരീഷ്, സെക്രട്ടറി പി കെ സജീവ്, ഫാക്കല്‍റ്റി അംഗങ്ങളായ എസ് എം ജോസഫ്, എം വിശ്വനാഥന്‍, എസ് ജമാല്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എം ലത എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.482/2021)

 

date