സാമ്പത്തിക സെന്‍സസ്‍ മാര്‍ച്ച് 31 വരെ നീട്ടി
എറണാകുളം: ഏഴാമത് സാമ്പത്തിക സെന്‍സസിന്‍റെ സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. രാജ്യത്തിന്‍റെ പുരോഗതിക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയുള്ള വിവര ശേഖരണത്തില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അഭ്യൂഹങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും ഡിസ്ട്രിക്ട് ഡെവലപ്മെന്‍റ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. കേന്ദ്ര സ്ഥിതിവിവര പദ്ധതി നിര്‍വ്വഹണ മന്ത്രാലയത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്‍റെ ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് സര്‍വ്വേ നടത്തുന്നത്.
ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡ് എന്ന ഏജന്‍സിയുടെ കീഴിലുള്ള കോമണ്‍ സര്‍വീസസ് സെന്‍റെറുകളെയാണ് ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ളത്. ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഇന്‍വെസ്റ്റിഗേറ്റര്‍മാരും എന്‍.എസ്.ഒയിലെ ഉദ്യോഗസ്ഥരും ഫീല്‍ഡ്തല സൂപ്പര്‍വൈസര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയും ജില്ലകളില്‍ കളക്ടര്‍മാരും അധ്യക്ഷരായുള്ള കമ്മിറ്റികള്‍ക്കാണ് സര്‍വ്വേയുടെ മേല്‍നോട്ടചുമതല. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നേരിട്ടെത്തി ഷെഡ്യൂള്‍ 7.0 എന്ന ഫോറത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനെയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ആദ്യത്തെ പത്ത് ചോദ്യങ്ങള്‍ വീടുകളുടെ അടിസ്ഥാന വിവരങ്ങളുമായി ബന്ധപ്പെട്ടവയാണ്. സംസ്ഥാനം, ജില്ല, താലൂക്ക്, ടൗണ്‍ അല്ലെങ്കില്‍ പഞ്ചായത്ത്, വിലാസം, താമസസ്ഥലം കെട്ടിട നമ്പര്‍, കെട്ടിടത്തിന്‍റെ ഉപയോഗം, ഗൃഹനാഥന്‍റെ പേര്, ഗൃഹനാഥന്‍റെയോ മറ്റ് കുടുംബാംഗങ്ങളില്‍ ഒരാളുടെയോ മൊബൈല്‍ നമ്പര്‍, കുടുംബാംഗങ്ങളുടെ എണ്ണം, കുടുംബത്തിലെ സംരംഭകരുടെ വിവരം, കേന്ദ്രീകൃത സംരംഭങ്ങളുടെ എണ്ണം എന്നിവയാണ് ഈ 10 ചോദ്യങ്ങളിലും ഉപവിഭാഗങ്ങളിലുമായി ഉള്‍പ്പെടുന്നത്. സംരംഭങ്ങള്‍ ഉള്ളവരില്‍ നിന്നുമാത്രമാണ് ഫോറത്തിലെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ ചോദിക്കുക. സംരംഭങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ ഘട്ടത്തില്‍ ജനങ്ങള്‍ നല്‍കേണ്ടത്. സംരംഭത്തിന്‍റെ സ്വഭാവം, വിശദാംശങ്ങള്‍, ഉടമയുടെ വ്യക്തി വിവരങ്ങള്‍, സംരംഭത്തിന്‍റെ പങ്കാളിത്ത പശ്ചാത്തലം, തൊഴിലാളികളുടെ വിവരങ്ങള്‍, വാര്‍ഷിക വരുമാനം, മറ്റു സ്ഥാപനങ്ങള്‍, ശാഖകള്‍, മുതല്‍മുടക്ക് സ്രോതസ് തുടങ്ങിയ എഴുപതോളം ചോദ്യങ്ങള്‍ ഈ വിഭാഗത്തിലുണ്ട്.
Reply all
Reply to author
Forward
- Log in to post comments