Skip to main content

ചലച്ചിത്ര ചരിത്രത്തിൻ്റെ നേർസാക്ഷ്യമൊരുക്കി ചലച്ചിത്ര അക്കാദമി, അക്ഷരങ്ങൾക്ക് ജീവൻ പകരാൻ മലയാളം മിഷൻ

സിനിമയുടേതു മാത്രമായ അനുപമവും അനനുകരണീയവുമായ ഒരു ഭാഷ അദ്ദേഹം ഉരുവപ്പെടുത്തിയിരുന്നു. ഇല്ലായ്മയുടെ പരിസരങ്ങളിൽ ചെലവഴിച്ച കൗമാര യൗവ്വനങ്ങൾ അദ്ദേഹത്തെ കീഴാള വർഗത്തിൻ്റെ സ്വത്വ പ്രതിസന്ധികളോട് അടുപ്പിച്ചു നിർത്തി. കെ.ബി.വേണു എഴുതിയ കിം കിം ദുക്‌ - മൗനവും ഹിംസയും എന്ന പുസ്തകത്തിൽ തെളിയുന്നത് കിം കിം ദുക് എന്ന വിഖ്യാത സംവിധായകൻ്റെ ജീവിതവും സിനിമയുമാണ്. കൊച്ചി അന്താരാഷ്ട്ര മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന ചലച്ചിത്ര അക്കാദമിയുടെ സ്റ്റാളിൽ ഈ പുസ്തകത്തിന് ആവശ്യക്കാരേറെയാണ്. വായനക്കാർ തേടിയെത്തുന്ന മറ്റൊരു പുസ്തകം ജി.പി. രാമചന്ദ്രൻ എഴുതിയ

ഗൊദാർദ് പല യാത്രകൾ ആണ്. 24 കോപ്പിയുണ്ടായിരുന്നതിൽ അവശേഷിക്കുന്നത് ഒന്നു മാത്രം. 

 

1994 മുതൽ 2015 വരെയുള്ള ചലച്ചിത്രമേളകളുടെ സമഗ്ര വിവരങ്ങളടങ്ങിയ സുവനീർ, മധു ജനാർദ്ദനൻ്റ ഗിരീഷ് കർണാട് - കലയിലെ നിലപാടുകൾ, നീലൻ എഴുതിയ ജിറി മെൻ സെലിനെക്കുറിച്ചുള്ള പുസ്തകം, ഫെർനാണോ സൊളാനസിൻ്റെ സിനിമയും ദർശനവും ഹരിഹരൻ്റെ ചലച്ചിത്ര ജീവിതം അനാവരണം ചെയ്യുന്ന സർഗപ്രപഞ്ചം എന്നിവയിൽ അക്കാദമിയുടെ സ്റ്റാളിലുണ്ട്. ചലച്ചിത്ര പ്രേമികളും വിദ്യാർഥികളും യുവാക്കളും പുസ്തകങ്ങൾ തേടിയെത്തുന്നു. 

 

മലയാള ചലച്ചിത്ര ചരിത്രത്തിൻ്റെ ക്രോഡീകരണം ലക്ഷ്യമിട്ട് കൊണ്ട്  

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നാല് വർഷമായി നിരവധി പുസ്തകങ്ങളാണ്  പ്രസിദ്ധീകരിച്ച് വരുന്നത്. ഇതിൻ്റെ ഭാഗമായി കേരള ചലച്ചിത്ര ചരിത്രം മുഴുവൻ ഏകീകരിച്ച് കൊണ്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദർശനം കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി നടത്തുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ നമ്മളെ വിട്ടു പിരിഞ്ഞ ചലച്ചിത്ര പ്രതിഭകളുടെ സംഭാവനകളെ കൃത്യമായി അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  അവരുടെ ചലച്ചിത്ര ജീവിതവും സംഭാവനകളും നേട്ടങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ  പ്രസിദ്ധീകരണങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ജെ സി ഡാനിയൽ പുരസ്കാരം ലഭിച്ച ഷീല, ഹരിഹരൻ, ശ്രീകുമാരൻ തമ്പി തുടങ്ങിയ പ്രതിഭകളുടെയും ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ലഭിച്ച ചലച്ചിത്ര പ്രതിഭകളുടെയും ചലച്ചിത്ര ജീവിതം രേഖപ്പെടുത്തുന്ന പുസ്തകങ്ങളും മേളയിൽ പ്രദർശനം ചെയ്യുന്നുണ്ട്. അക്കാദമി പ്രസിദ്ധീകരിക്കുന്ന ചലച്ചിത്ര സമീഷ മാസികയുടെ വരിക്കാരാകാനും നിരവധി പേരെത്തുന്നു. 

 

അക്ഷരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലയാളം മിഷൻ്റെ നേതൃത്വത്തിൽ സുവനീർ ഷോപ്പും മേളയിലുണ്ട്. 

മലയാള അക്ഷരങ്ങൾ ആലേഖനം ചെയ്ത മാസ്കിനും ടീ ഷർട്ടിനും ആവശ്യക്കാരേറെയാണ്‌. 

 

അക്ഷരങ്ങൾ ആണ് ഭാഷക്ക് ജീവൻ നൽകുന്നത്.  കാലം മാറുന്നതിനുസരിച്ച് അക്ഷരങ്ങളും അന്യം നിന്ന് പോകാതിരിക്കാനായിട്ടാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ  സ്റ്റാൾ പ്രവർത്തിക്കുന്നത്.  ടീ ഷർട്ട്, സാരി, കപ്പ്, ബുക്ക് മാർക്ക്, മാസ്ക്, ഹാൻഡ് ബാഗ് തുടങ്ങിയവയാണ് ഇവിടെ പ്രദർശനത്തിനും വിൽപ്പനക്കുമായി വെച്ചിരിക്കുന്നത്.

ടീ ഷർട്ടിന് 180 രൂപയാണ് വില, മാസ്കിന് 40, മഗിന് 160 രൂപയും.

 

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്റ്റാളും മേളയിലുണ്ട്. സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന ദൃശ്യ താളം മാസികയും പ്രദർശനത്തിനും വിൽപ്പനയ്ക്കുമുണ്ട്.

Reply all

Reply to author

Forward

date