ചലച്ചിത്ര മേളയിൽ ഓളമുയർത്താൻ നാടൻപാട്ട് സംഘം
കോവിഡ് മഹാമാരി മൂലം സ്റ്റേജ് പരിപാടികളും കൂട്ടായ്മകളും നിലച്ചിട്ട് മാസങ്ങളായി. കാഴ്ചയുടെ ഉത്സവമായി മാറിയ കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിസ്മയിപ്പിക്കുന്ന വേദിയിൽ ആഘോഷത്തിൻ്റെ ഓളം തീർക്കുകയാണ് കുമ്പളം ശക്തി നാടൻപാട്ട് സംഘം. പാണ്ഡ വാസ് കൊച്ചിയിലെ ഗായകരും ഇവരോടൊപ്പം ചേർന്നു. ചലച്ചിത്ര മേളയുടെ മുഖ്യ വേദിയായ സരിത കോംപ്ലക്സിലാണ് നാടൻപാട്ട് കലാകാരന്മാർ അണിനിരന്നത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർക്ക് നാടൻ പാട്ട് ആവേശമായി. തനിനാടൻ ശീലുകളുടെ താളത്തിനൊത്ത് അവർ ചുവടുകൾ വെച്ചു. സിനിമകളും സിനിമാ ചർച്ചകളും തനത് ഗ്രാമീണ ശീലുകളും ഇഴചേർന്ന സമ്പന്നമായ കലാസന്ധ്യ ചലച്ചിത്രമേളയ്ക്ക് മിഴിവ് കൂട്ടി. രജീഷ്, വിനീത്, അമൽ, ആഷിഷ്, മഹേഷ്, രാഗേഷ്, ഫമീർ, അഷയ്, ആദിത്യൻ തുടങ്ങിയവരാണ് ഗായക സംഘത്തിലുള്ളത്. മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർഥികളാണിവർ. കോവിഡ് കാലത്ത് നിലച്ചുപോയ കൂട്ടായ്മകളുടെ ഊഷ്മളതയിലേക്ക് നിയന്ത്രണങ്ങളോടെയെങ്കിലും തിരിച്ചെത്താനായതിൻ്റെ സന്തോഷത്തിലാണിവർ. കൊച്ചിയിൽ ഫെസ്റ്റിവൽ സംഘടിപ്പിച്ച് ഇത്തരമൊരു അവസരമൊരുക്കിയ സംഘാടകരോടുള്ള സ്നേഹം നിറയുന്നു ഇവരുടെ വാക്കുകളിൽ.
- Log in to post comments