Skip to main content

വിവരങ്ങള്‍ അതിവേഗം രേഖപ്പെടുത്താന്‍ പോള്‍ ആപ്പ്

നിയമസഭാ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായ വിവരങ്ങള്‍ വേഗത്തിലറിയാനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി പോള്‍ മാനേജര്‍ ആപ്പ്.  വോട്ടെടുപ്പ് ദിവസവും തലേന്നുമാണ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി.
 പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിംങ് ഓഫിസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ആപ്പ് ഉപയോഗിക്കാന്‍ അനുമതി. 'ഗൂഗിള്‍ പ്ലേസ്റ്റോര്‍' വഴി ആപ്ലിക്കേഷന്‍ ലഭ്യമാക്കും. ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കാം.
ജില്ലയിലെ എല്ലാ പോളിങ് സ്റ്റേഷനുകളില്‍നിന്നും വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ പോള്‍ മാനേജറിലൂടെ ജില്ലാ കലക്ടര്‍ക്കും വരണാധികാരികള്‍ക്കും തത്സമയം നിരീക്ഷിക്കാം. വോട്ടിങ് മെഷീനുകള്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തുന്ന തുമുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് കളക്ഷന്‍ സെന്ററില്‍ എത്തിക്കുംവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആപ്പില്‍ തത്സമയമാണ് രേഖപ്പെടുത്തുന്നത്. ഓരോ മണിക്കൂറിലുമുള്ള പോളിങ് ശതമാനമടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തും.
വോട്ടിങ് മെഷീന്‍ തകരാറുകളോ ക്രമസമാധാന പ്രശ്നങ്ങളോ കാരണം പോളിങ് തടസപ്പെട്ടാല്‍ എസ്. ഒ. എസ് മുഖേന ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറാനും സാധിക്കും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടിങ് മെഷീന്‍ സ്വീകരിക്കുന്നത് മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞു മെഷീന്‍ തിരികെ ഏല്‍പ്പിക്കുന്നത് വരെയുള്ള കൃത്യനിര്‍വഹണം സംബന്ധിച്ച വിവരങ്ങളെ കുറിച്ചുള്ള 21 ചോദ്യങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതത് സമയങ്ങളില്‍ തന്നെ ഉദ്യോഗസ്ഥര്‍ മറുപടികള്‍ രേഖപ്പെടുത്തും. തിരഞ്ഞെടുപ്പ് ഓഫീസര്‍, റിട്ടേണിങ് -അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, പൊലീസ് തുടങ്ങിയവരുടെ നമ്പറുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയത് വഴി തിരഞ്ഞെടുപ്പ് വിവരങ്ങള്‍ കൃത്യതയോടെയും അതിവേഗത്തിലും നിരീക്ഷിക്കാന്‍ കഴിയുമെന്ന് ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ വി. കെ. സതീഷ് കുമാര്‍ പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍.754/2021)

 

date