Skip to main content

ജനമൈത്രിയോടെ, പൊലീസ് സ്റ്റാള്‍ 

 

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ദിശ ഉല്പന്ന പ്രദര്‍ശന വിപണന മേളയില്‍ വേറിട്ട സേവനങ്ങളുമായി ജില്ലാ പോലീസിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. പൊതുജന സേവനാര്‍ഥം നിരവധി പദ്ധതികളാണ്  ജില്ലാ പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്. പരാതി കൊടുക്കാന്‍ ഇനി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തേണ്ടി വരില്ല. ജില്ലാ പൊലീസിന്റെ തുണ എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പരാതികള്‍ ഓണ്‍ലൈനായി അയയ്ക്കാന്‍ മാത്രമായി സജ്ജീകരിച്ചിരിക്കുന്നതാണ്. തുണയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് യൂസര്‍ ഐഡിയും പാസ് വേര്‍ഡും ലഭിക്കം. ഈ ഐഡിയിലൂടെ നേരിട്ട് തുണയിലേക്ക് പ്രവേശിക്കാനും പരാതികള്‍ അയക്കാനും സാധിക്കും. 15 സെക്കന്റോളം ഫോണ്‍ ഹോള്‍ഡ് ചെയ്താല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കോള്‍ കണക്ട് ആവുന്ന സംവിധാനമാണ് ജില്ലാ പൊലീസ് അവതരിപ്പിക്കുന്ന മറ്റൊരു പദ്ധതി. ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധജനങ്ങളെ ഉദ്ദേശിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ബി എസ് എന്‍ എല്ലുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ആവശ്യക്കാര്‍ക്ക് സ്വന്തമായി ബി എസ് എന്‍ എല്‍ ലാന്‍ഡ് കണക്ഷന്‍ ഉണ്ടായിരിക്കണം. നിലവില്‍ ജില്ലയിലാകെ 600 ഓളം അംഗങ്ങള്‍ പദ്ധതിയിലുണ്ട്.

സൈബര്‍ സുരക്ഷയുടെ ഭാഗമായി കിഡ്‌സ് ഗ്ലോ പദ്ധതിയുടെ വിശദീകരണവും സ്റ്റാളില്‍ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ,സൈബര്‍ സെല്ലിന്റെ സേവനങ്ങള്‍ തുടങ്ങിയവ വിശദമായി അവതരിപ്പിക്കുന്നു. പത്താം ക്ലാസില്‍ തോറ്റ കുട്ടികള്‍ക്കായി ജില്ലാ പോലീസ് അവതരിപ്പിക്കുന്ന ഹോപ്പ് പദ്ധതിയുടെ സേവനവും സ്റ്റാളില്‍ ലഭ്യമാണ്. ആവശ്യക്കാര്‍ക്ക് വിശദമായ വിവരങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്റ്റാളിലുണ്ട്. ബോംബ് കണ്ടെത്താനുള്ള ഉപകരണങ്ങളുടെ നീണ്ട നിരയും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡീപ് സേര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍, ഹൈ എക്‌സ്്‌പ്ലോസീവ്  ഡിറ്റക്ടര്‍, ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍  തുടങ്ങി ബോംബ് ,മൈന്‍ എന്നിവ കണ്ടുപിടിക്കുന്ന ഉപകരണങ്ങള്‍ കാണാന്‍ വന്‍ തിരക്കാണ്.കേരള പോലീസ് ഉപയോഗിച്ചു വരുന്ന ആയുധങ്ങളായ പോയിന്റ് 303 റൈഫിള്‍സ്, 7.62 എസ് എല്‍ ആര്‍ ,ഇന്‍ഡ്യന്‍ നിര്‍മ്മിത എ.കെ 47 എന്നറിയപ്പെടുന്ന 5.56 എം.എം ഇന്‍സാസ്, 9 എം.എം പിസ്റ്റല്‍, പോയിന്റ് 380 റിവോള്‍വര്‍, ടിയര്‍ ഗ്യാസ്, സ്റ്റണ്‍ ഗ്രനേഡ് , ഡൈ മാര്‍ക്കര്‍  തുടങ്ങിയവയും പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. അക്രമികള്‍ക്ക് നേരെ പ്രയോഗിക്കുമ്പോള്‍ ദേഹത്താകമാനം പല നിറങ്ങള്‍ പതിയുന്നതിനാണ് ഡൈ മാര്‍ക്കര്‍ ഉപയോഗിക്കുന്നത്. പിന്നീടവര്‍ ഓടി മറഞ്ഞാലും ദേഹത്ത് പറ്റിപ്പിടിച്ച നിറങ്ങള്‍ അക്രമികളെ കാട്ടിക്കൊടുക്കും. 

date