വോട്ടെണ്ണല്‍ നാളെ നടക്കും പോസ്റ്റല്‍ വോട്ട് രാവിലെ എട്ടിനും ഇ.വി.എം വോട്ട് രാവിലെ 8.30നും എണ്ണും
വോട്ടെണ്ണല്‍ ദിവസമായ നാളെ (മെയ് രണ്ട്) രാവിലെ ആറിന് വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ അതത് കൗണ്ടിങ് സെന്ററുകളില്‍ എത്തും. ഉദ്യോഗസ്ഥരുടെ അറ്റന്റന്‍സ് ഉറപ്പാക്കിയതിന് ശേഷം ഓരോ ജോലിക്കുമായി റാന്‍ഡമൈസേഷന്‍ നടത്തും. ഏഴു മണിയോടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയാക്കും.
ഓരോ ടേബിളിലേക്കുമുള്ള ഉദ്യോഗസ്ഥരെ വരണാധികാരി നിശ്ചയിക്കും. രാവിലെ എട്ടിന് തന്നെ പോസ്റ്റല്‍ ബാലറ്റുകള്‍ ടേബിളുകളില്‍ എത്തിക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റല്‍ ബാലറ്റുകള്‍ തുറക്കുക.
ശേഷം വരണാധികാരി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂം തുറക്കും. ഇവിടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാകും. ഇവിടെ നിന്നും കണ്‍ട്രോള്‍ യൂണിറ്റും പ്രിസൈഡിങ് ഓഫീസേഴ്സ് ഡയറിയായ 17 സി ഫോമുമാണ് വോട്ടെണ്ണല്‍ ടേബിളില്‍ എത്തിക്കുക. ഇത് സീല്‍ ചെയ്തത് തന്നെയാണെന്ന് കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഉറപ്പു വരുത്തും.
ആദ്യം കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആകെ വോട്ടുകളുടെ എണ്ണമാണ് പരിശോധിക്കുക. ഇത് 17 സി ഫോമില്‍ രേഖപ്പെടുത്തിയത് തന്നെയാണെന്ന് ഉറപ്പു വരുത്തും. അതിനു ശേഷമായിരിക്കും ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കുന്ന വോട്ടുകള്‍ പരിശോധിക്കുക. ഇത് ഫോമിന്റെ രണ്ടാം പാര്‍ട്ടില്‍ എഴുതിച്ചേര്‍ക്കും. സൂപ്പര്‍വൈസര്‍മാരായിരിക്കും ഫോമില്‍ എഴുതിച്ചേര്‍ക്കുക. മൈക്രോ ഒബ്സര്‍വര്‍മാരുടെയും കൗണ്ടിങ് ഏജന്റിന്റെയും സാന്നിധ്യം ഇവിടെയുണ്ടാകും. ഫോമില്‍ കൗണ്ടിങ് ഏജന്റുമാര്‍ സാക്ഷിയായി ഒപ്പിടും. ഇതിന്റെ കോപ്പി വരണാധികാരിയുടെ അടുത്തേക്ക് കൈമാറും.
ഒരു റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ വരണാധികാരി ആ റൗണ്ടിലെ ഫലം പ്രഖ്യാപിക്കും. ഓരോ ടേബിളിലും ഓരോ കണ്‍ട്രോള്‍ യൂണിറ്റും പരിശോധിച്ച് കഴിയുമ്പോഴാണ് ഒരു റൗണ്ട് പൂര്‍ത്തിയാകുന്നത്. മുഴുവന്‍ റൗണ്ടും പൂര്‍ത്തിയായി കഴിയുമ്പോള്‍ റാന്‍ഡമൈസ് ചെയ്തെടുക്കുന്ന പോളിങ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും. പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണവും പൂര്‍ത്തിയായി കഴിയുമ്പോള്‍ വരണാധികാരി വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറും.
പെരിന്തല്‍മണ്ണയിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പത്രസമ്മേളനത്തില്‍ സബ് കലക്ടര്‍ കെ.എസ് അഞ്ജു, ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ സി.ബിജു എന്നിവര്‍ പങ്കെടുത്തു.
- Log in to post comments