തദ്ദേശസ്ഥാപനതല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി കോര്പറേഷന്- നഗരസഭ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍. താഴെത്തട്ടില്‍ വാര്‍ഡുതലം മുതല്‍ കേന്ദ്രികരിച്ചാണ് നടപടികള്‍. കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കൂടുതല്‍
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തുടങ്ങുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. സി. എച്ച.് സികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കും. വോളന്റീയര്‍മാരുടെ സേവനം വിപുലപ്പെടുത്തും.
കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തില്‍ 100 കിടക്കകളുള്ള സെക്കന്‍ഡറി ട്രീറ്റ്മെന്റ് സെന്റര്‍ തുടങ്ങുമെന്ന് ചെയര്മാന് കോട്ടയില്‍ രാജു വ്യക്തമാക്കി. ഓക്സിജന്‍ ലഭ്യമാക്കുന്ന 20 കിടക്കകളുണ്ട്. നാല് വെന്റിലേറ്ററുകളും ഏര്‍പ്പെടുത്തി. വാര് റൂം, ഹെല്‍പ്പ് ഡെസ്ക്, ടെലി കൗണ്‍സിലിംഗ്, ടെലി മെഡിസിന്, സൗജന്യ ടാക്സി, ആംബുലന്‍സ് എന്നിവയുമുണ്ട്. മുനിസിപ്പല്‍ ഓഫീസില്‍ ജനകീയ ഹോട്ടലും പ്രവര്‍ത്തിച്ചു വരുന്നു.
പരവൂര്‍ നഗരസഭയിലെ 70 കിടക്കകളുള്ള ഡോമിസിലറി കെയര്‍ സെന്ററില്‍ 11 പേരാണ് ചികിത്സയിലുള്ളത്. 32 വാര്‍ഡുകളിലായി 160 വോളണ്ടിയര്‍മാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഒന്നിടവിട്ട ദിവസങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനവും നടക്കുന്നു.
പുനലൂര്‍ നഗരസഭയില്‍ തെരുവില്‍ അഭയം കണ്ടെത്തിയവരെ പരിശോധന നടത്തിയാണ് പുനലൂര്‍ പോളിടെക്നിക്ക് വനിതാ ഹോസ്റ്റലില്‍ സജ്ജമാക്കിയ കേന്ദ്രത്തില്‍ എത്തിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നിയുക്ത എം.എല്‍.എ കെ. എന്‍. ബാലഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. ഇവിടെ സഞ്ചരിക്കുന്ന മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആരംഭിക്കുന്നതിന് തീരുമാനമായി. ഡോമിസിലറി കെയര്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താനും തീരുമാനിച്ചതായി നഗരസഭ അധ്യക്ഷന്‍ എ. ഷാജു പറഞ്ഞു.
ഓച്ചിറ ബ്ലോക്ക് പരിധിയിലെ ആലപ്പാട് പഞ്ചായത്തില്‍ ആരോഗ്യ-പഞ്ചായത്ത് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഹെല്‍പ്പ് ഡസ്കും വാര്‍ഡ്തല വോളന്റിയര്‍ ടീമും സജ്ജമാക്കി. അടിയന്തര സേവനത്തിന് ഡോക്ടറെ വിളിക്കാം. രണ്ട് സി. എഫ്. എല്‍. റ്റിസികള്‍ കൂടി തയ്യാറാക്കി. വാര്‍ഡ് തലത്തില്‍ വോളന്റിയര്‍മാരെ നിയോഗിച്ചു. ആംബുലന്‍സ് സൗകര്യവും ഓട്ടോറിക്ഷ തൊഴിലാളികളുടെ സേവനവും ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുന്നുണ്ട്. വാഹന അനൗണ്‍സ്മെന്റ് വഴിയുള്ള ബോധവല്‍ക്കരണവും നടത്തിവരുന്നു. കൊവിഡ് രോഗികളുടെയും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെയും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ടെലി കൗണ്‍സിലിങ് (8281086130) സംവിധാനവും ലഭ്യമാണ്. അലോപ്പതി - ആയുര്‍വേദ - ഹോമിയോ വിഭാഗങ്ങളുടെ സേവനവും ലഭ്യമാണ്. കണ്ട്രോള് റൂം നമ്പരുകള്‍- 9020894090, 9496041713, 6238260816, 9895461924.
അഞ്ചല്‍ ബ്ലോക്ക് പരിധിയിലെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ സ്റ്റെപ്പ് ഡൗണ്‍ എഫ്. എല്‍. ടി. സി സജ്ജമാക്കി. 100 കിടക്കകളുള്ള കേന്ദ്രം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് ഒരുക്കിയിട്ടുള്ളത്. ഓക്സിജന്‍ സംവിധാനത്തോടു കൂടിയ ആംബുലന്‍സ് സേവനം 24 മണിക്കൂറും ലഭ്യമാണ്. ആറ് ടാക്സികളാണ് 24 മണിക്കൂറും ലഭ്യമാകുക. ഹെല്‍പ്പ് ഡെസ്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. മരുന്നുകള്‍, ഭക്ഷ്യസാധനങ്ങള്‍ എന്നിവ എത്തിച്ചു നല്‍കുന്നതിന് സന്നദ്ധപ്രവര്‍ത്തകരുമുണ്ട് എന്ന് പ്രസിഡന്റ് പി. അനില്‍കുമാര്‍ പറഞ്ഞു.
ചടയമംഗലം ബ്ലോക്ക് പരിധിയിലെ ചിതറ ഗ്രാമ പഞ്ചായത്തില്‍ ഡോമിസിലറി കോവിഡ് കെയര്‍ സെന്റര്‍ ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും. ചക്കമലയിലുള്ള ഫ്ളാറ്റിലാണ് 60 കിടക്കകളും അനുബന്ധ സൗകര്യങ്ങളോടും കൂടി സംവിധാനം പ്രവര്‍ത്തിക്കുക. ആയിരം ആന്റിജന്‍ കിറ്റുകളും 48 ഓക്സി മീറ്ററുകളും ലഭ്യമാക്കിയിട്ടുണ്ട് എന്ന് പ്രസിഡന്റ് എം. എസ് മുരളി പറഞ്ഞു.
മുഖത്തല ബ്ലോക്കിലെ മയ്യനാട് ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയ ഡോമിസിലറി കെയര്‍ സെന്റര്‍ എം. നൗഷാദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ്തല സമിതികള്‍ പുനസംഘടിപ്പിച്ചു. വാര് റൂമിനായി കോര്‍ കമ്മിറ്റിയും രൂപീകരിച്ചു. എമര്‍ജന്‍സി കണ്ട്രോള് റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ജനകീയ ഹോട്ടല്‍ വഴി ഭക്ഷണം എത്തിക്കുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അണുനശീകരണവും നടത്തുന്നുണ്ട്.
ചവറ ബ്ലോക്ക് പരിധിയിലെ തേവലക്കര ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലും വാര്‍ഡ്തല ജാഗ്രത സമിതി പുനഃസംഘടിപ്പിച്ചു. വാര് റൂം, കണ്ട്രോള് റൂം, ഹെല്പ് ഡെസ്ക് എന്നിവ ആരംഭിച്ചു എന്ന് പ്രസിഡന്റ് എസ്. സിന്ധു പറഞ്ഞു.
ശാസ്താംകോട്ട ബ്ലോക്ക് പരിധിയിലെ സ്വകാര്യ ആശുപത്രിയായ പത്മാവതിയില്‍ സ്റ്റെപ്പ് ഡൗണ്‍ സി. എഫ്. എല്‍. ടി. സി ആരംഭിച്ചു. 36 കിടക്കകള്‍ ഉണ്ട്. ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് തല നിരീക്ഷണ സമിതികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കോവിഡ് രോഗികള്‍ക്കായി 10 വാഹനങ്ങള്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് ശ്രീജ പറഞ്ഞു. കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കോവിഡ് രോഗികള്‍ക്കായി നാല് ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തി. കമ്മ്യൂണിറ്റി കിച്ചന് പ്രവര്‍ത്തിച്ചുവരുന്നു എന്ന് പ്രസിഡന്റ് വത്സലകുമാരി പറഞ്ഞു.
കൊട്ടാരക്കര ബ്ലോക്ക് പരിധിയിലെ നെടുവത്തൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. ജനകീയ ഹോട്ടല്‍ വഴിയാണ് ഭക്ഷണം എത്തിക്കുന്നതെന്ന് പ്രസിഡന്റ് ആര്. സത്യഭാമ പറഞ്ഞു. മേലില ഗ്രാമപഞ്ചായത്തില്‍ വാര് റൂം, 24മണിക്കൂര്‍ ഹെല്പ് ഡെസ്ക്, ജനകീയ ഭക്ഷണശാല തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വാര്‍ഡ് തലത്തില്‍ ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു വരുന്നു. എന്ന് പ്രസിഡന്റ് എ. താര പറഞ്ഞു. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ്തല ജാഗ്രത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. രണ്ട് ആംബുലന്‍സുകളടക്കം മൂന്ന് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഉമ്മന്നൂര്‍ പ്രസിഡന്റ് അമ്പിളി ശിവന് പറഞ്ഞു.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ തലവൂര്‍ ഗ്രാമപഞ്ചായത്തിലെ നടുത്തേരി സര്‍ക്കാര്‍ യു. പി. സ്കൂളില്‍ സമൂഹ അടുക്കള ആരംഭിച്ചു. എല്ലാ വാര്‍ഡുകളിലും തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചതായി പ്രസിഡന്റ് വി. എസ്. കലാദേവി പറഞ്ഞു. വിളക്കുടി ഗ്രാമപഞ്ചായത്തിലെ ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലില്‍ സി. എഫ്. എല്‍. ടി. സി പ്രവര്‍ത്തിക്കുന്നു. രണ്ട് ആംബുലന്‍സുകളുടെ സേവനവുമുണ്ട്. 20 വാര്‍ഡുകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീം സജീവമാണ്. 15 പേര് അടങ്ങിയ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക് സുസജ്ജം.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലില്‍ സജ്ജമായ സ്റ്റെപ് ഡൗണ്‍ സി.എഫ്.എല്‍.ടി.സി. ജി. എസ്. ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 50 കിടക്കകളുണ്ട് കേന്ദ്രത്തില്‍. വാര്‍ഡ് തലത്തിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതാ സമിതികള്‍ മുഖേന നടക്കുന്നു.
(പി.ആര്.കെ നമ്പര്‍.1128/2021)
- Log in to post comments