Skip to main content

ശക്തമായ മഴയും കാറ്റും: ക്യാംപുകൾ സജ്ജമാക്കാൻ നടപടി തുടങ്ങി

 

മെയ് 12 മുതൽ 15 വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് പ്രകാരം ദുരിതാശ്വാസ ക്യാംപുകൾ ക്രമീകരിക്കുന്നതടക്കമുള്ള നടപടികൾ ആരംഭിക്കാൻ തീരുമാനമായി. ജില്ലാ കളക്ടർ എസ്. സുഹാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. വില്ലേജ് തലത്തിൽ ക്യാംപുകൾ തുടങ്ങാനുള്ള സ്ഥലങ്ങൾ കണ്ടെത്താൻ കളക്ടർ നിർദ്ദേശം നൽകി. പൊതു വിഭാഗം, മുതിർന്ന പൗരന്മാർ, കോവിഡ് രോഗലക്ഷണങ്ങളുള്ളവർ, കോവിഡ് ക്വാറൻ്റെ നിലുള്ളവർ എന്നീ വിഭാഗങ്ങളായി തിരിച്ചാണ് ക്യാംപുകൾ ആരംഭിക്കുക. മെയ് 14, 15 തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണ സാധ്യത കൂടി കണക്കിലെടുത്ത് ചെല്ലാനം അടക്കമുള്ള തീരദേശ മേഖലയിലും ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കളക്ടർ നിർദേശം നൽകി. അവധിയിൽ പോയിരിക്കുന്ന റവന്യൂ വകുപ്പ് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കാനും കളക്ടർ നിർദേശിച്ചു. ചുഴലിക്കാറ്റ് മൂലം തീപിടിത്ത സാധ്യത കണക്കിലെടുത്ത് എല്ലാ ആശുപത്രികളിലും ഫയർ ഓഡിറ്റ് അടിയന്തിരമായി പൂർത്തിയാക്കാനും നിർദേശിച്ചു. പഞ്ചായത്തുകൾ കൂടുതൽ സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കണം.  ആംബുലൻസുകളുടെയും ഓക്സിജൻ ട്രക്കുകളുടെയും ഗതാഗതം സുഗമമാക്കും.

ആശുപത്രികളിൽ കോവിഡ് ഇതര രോഗികളെ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കും. 

ബിപിസിഎല്ലിൽ ആദ്യഘട്ടത്തിൽ സജ്ജമാക്കുന്ന 500 ഓക്സിജൻ ബെഡുകളിലേക്ക് വ്യാഴാഴ്ച മുതൽ രോഗികളെ പ്രവേശിപ്പിക്കും. 90 ആരോഗ്യ പ്രവർത്തകരെയും ഇവിടെ നിയമിച്ചു. ഇവർക്കുള്ള പരിശീലനം നടന്നു വരുന്നു. ആസ്റ്റർ മെഡിസിറ്റിയുടെയും സൺ റൈസ് ഹോസ്പിറ്റലിൻ്റെയും നേതൃത്വത്തിലുള്ള 100 വീതം ഓക്സിജൻ ബെഡുകൾ ഒരാഴ്ചയ്ക്കകം സജ്ജമാകും. ഇതിനു പുറമേയുള്ള 1000 ബെഡുകളുടെ ഫീൽഡ് ഹോസ്പിറ്റലിൻ്റെ ടെൻ്റ് വർക്കുകൾ ആരംഭിച്ചു. ബയോ ടോയ് ലെറ്റുകളും എത്തിച്ചിട്ടുണ്ട്. ഈ കേന്ദ്രം പ്രവർത്തനസജ്ജമാക്കുന്നതിന് 1000 ആരോഗ്യ പ്രവർത്തകരുടെ സേവനം ആവശ്യമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ജീവനക്കാരെ വിന്യസിക്കുക. കാസ്പ് നിരക്കിൽ ഇവിടെ രോഗികൾക്ക് ചികിത്സ ലഭ്യമാകും. രോഗികളെ പ്രവേശിപ്പിക്കുന്നതിൻ്റെ പൂർണ്ണ നിയന്ത്രണം ജില്ലാ ഭരണകൂടത്തിനായിരിക്കും. അഡ്ലക്സിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൻ്റെയും ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. ഫ്ളോർ പ്ലാൻ തയാറാക്കിക്കഴിഞ്ഞു. 

എക്സ്പോർട്ട് ഇൻസ്പെക്ഷൻ ഏജൻസിയുടെ അംഗീകാരമുള്ള കയറ്റുമതി സ്ഥാപനങ്ങൾക്ക് കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാൻ യോഗം അനുമതി നൽകി. 

കൂനമ്മാവ് വയോജന കേന്ദ്രത്തിൽ കൂടുതൽ പേർ കോവിഡ് രോഗ ബാധിതരായ സാഹചര്യത്തിൽ അധിക പരിചരണം ഏർപ്പെടുത്തുന്നതിന് നടപടിയെടുക്കും. പ്രത്യേക മെഡിക്കൽ ടീമിനെ വിന്യസിക്കും. 

ഫോർട്ടുകൊച്ചി ആശ്വാസ് ഭവൻ എഫ് എൽടിസിയാക്കി മാറ്റുന്നതിനും നടപടിയെടുക്കും. 

സർക്കാർ പണം കൊടുത്തു വാങ്ങിയ വാക്സി നിൽ നിന്ന് 18 വയസിനു മുകളിലുള്ള മുൻഗണനാ വിഭാഗത്തിലുള്ളവർക്ക് വാക്സിൻ നൽകും. മാധ്യമ പ്രവർത്തകർ, ദ്രുത കർമ്മ സേന, വൊളൻ്റിയർമാർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർക്കാണ് മുൻഗണന ലഭിക്കുക. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് സർക്കാർ മാനദണ്ഡപ്രകാരം ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.

ആമ്പല്ലൂർ പഞ്ചായത്ത് മൊബൈൽ കടകൾക്ക് ആഴ്ചയിൽ മൂന്നു ദിവസം പ്രവർത്തിക്കാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് നൽകിയ കത്ത് യോഗം തള്ളി. സർക്കാർ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി പ്രാദേശിക സർക്കാരുകൾക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും ഏതെങ്കിലും പഞ്ചായത്തുകൾക്ക് സർക്കാർ നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി ഇത്തരം അനുമതികൾ നൽകാൻ കഴിയില്ലെന്നും യോഗം വിലയിരുത്തി.

date