Skip to main content

റിഫൈനറിക്ക് സമീപമുള്ള താത്കാലിക ചികിത്സാ കേന്ദ്രം പുത്തൻ മാതൃക: സഞ്ജയ് ഖന്ന

 

   എറണാകുളം: കൊച്ചി റിഫൈനറിക്ക് സമീപം സജ്ജമാക്കിയിരിക്കുന്ന താത്കാലിക കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഓക്സിജൻ കിടക്കകളുടെ എണ്ണം 1500 ആയി ഉയർത്താൻ സാധിക്കുമെന്ന് കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന അറിയിച്ചു. റിഫൈനറിയുടെ സഹകരണത്തോടെ സജ്ജമാക്കിയ ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം വെള്ളിയാഴ്ച ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ നൂറ് കിടക്കകളാണ് തയ്യാറായത്. 

     കോവിഡ് ചികിത്സാ രംഗത്തെ റിഫൈനറിയുടെ സേവനങ്ങൾ വിശദമാക്കാൻ സംഘടിപ്പിച്ച ഓൺലൈൻ പത്ര സമ്മേളനത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പ്രധാന ആശുപത്രികൾക്കായി മൂന്ന് ഓക്സിജൻ ജനറേറ്ററുകൾ നൽകുമെന്നും സഞ്ജയ് ഖന്ന അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഓക്സിജൻ ഉത്പാദന പ്ലാൻറിൽ നിന്നും നേരിട്ട് ആയിരത്തിലധികം ഓക്സിജൻ കിടക്കകളിലേക്ക് ഓക്സിജൻ വിതരണ സംവിധാനം സജ്ജമാക്കുന്നത്.

     കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസഥാനത്ത് എട്ട് കോടിരൂപയുടെ പ്രവർത്തനങ്ങൾ റിഫൈനറി നടത്തി. 12 ടൺ വരെ പ്രതിദിന ഓക്സിജൻ ഉത്പാദനം കൊച്ചി റിഫൈനറിയിൽ സാധ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ പ്രതിദിനം മൂന്ന് മുതൽ നാല്  ടൺ ദൃവീകൃത ഓക്സിജൻ ഉത്പാദനവും കൊച്ചി യൂണിറ്റിൽ സാധ്യമാകും. 

    കുറഞ്ഞ സമയത്തിനുളളിൽ താത്കാലിക ചികിത്സാ കേന്ദ്രം ഒരുക്കിയതും ഓക്സിജൻ ഉത്പാദനത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചതും റിഫൈനറിയുടെ പ്രവർത്തന മികവാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. റിഫൈനറി ചീഫ് ജനറൽ മാനേജർ കുര്യൻ ആലപ്പാട്ട്, ജോയ്സ് തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

date