കോവിഡ് രോഗം ബാധിച്ച അതിഥി തൊഴിലാളിക്ക് സഹായവുമായി തൊഴിൽ വകുപ്പ്.
പല്ലാരിമംഗലം പഞ്ചായത്തിൽ കോവിഡ് രോഗബാധിതനായ അതിഥി തൊഴിലാളിക്ക് തൊഴിൽ വകുപ്പ് സഹായമെത്തിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് എട്ടാം വാർഡ് അംഗം ഷാജിമോൾ റഫീക്കാണ് രോഗബാധ മൂലം പുറത്തിറങ്ങാനാവാതെ ഭക്ഷണമടക്കമുള്ള ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടുന്ന തൊഴിലാളികളുടെ വിവരം അസിസ്റ്റന്റ് ലേബർ ഓഫീസറുടെ ശ്രദ്ധയിൽ പ്പെടുത്തിയത്. അസി. ലേബർ ഓഫീസർ വിവരം ജില്ലാ ലേബർ ഓഫീസറെ അറിയിച്ചു. വൈകാതെ ജില്ലാ ലേബർ ഓഫീസർ പി.എം.ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തൊഴിലാളികൾക്കാവശ്യമായ ഭക്ഷ്യ കിറ്റുകൾ കൈമാറി. കോതമംഗലം അസി. ലേബർ ഓഫീസർ പി എം മുഹമ്മദ് ഷാ ജീവനക്കാരൻ വിനോദ് കെ വി സന്നദ്ധ പ്രവർത്തകരായ പല്ലാരിമംഗലം മിലൻ ക്ലബ്ബിന്റെ ഭാരവാഹികളായ ജബീർ ജബ്ബാർ, ഫൈസൽ പോക്കളം എന്നിവർ ഒപ്പമുണ്ടായിരുന്നു. രോഗബാധയിൽ ശ്രദ്ധ വേണമെന്നും ഒരാവശ്യത്തിനും പുറത്തിറങ്ങരുതെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും എന്താവശ്യത്തിനും തൊഴിൽ വകുപ്പിനെ ബന്ധപ്പെടാമെന്നും പറഞ്ഞ് പിരിയുമ്പോൾ പശ്ചിമ ബംഗാൾ സ്വദേശിയായ രോഗി സംസ്ഥാന സർക്കാരിന്റെ കരുതലിന് നന്ദി പറയുകയായിരുന്നു.
6150 അതിഥി തൊഴിലാളികൾക്കാണ് ഇന്നുവരെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. ക്യാമ്പ് സന്ദർശനവും വിവരശേഖരണവും തുടരുകയാണ്. ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവർ ചേർന്ന് ഇന്ന് ജില്ലയിലെ 92 (ആകെ 1203) ക്യാമ്പുകളാണ് സന്ദർശിച്ചത്. അതിഥി തൊഴിലാളികൾക്കുള്ള ബോധവൽക്കരണവും തുടരുകയാണ്'. ജില്ലാ ലേബർ ഓഫീസിലെ കോൾ സെന്ററിന്റെ പ്രവർത്തനം ചിട്ടയായി ഇന്നുവരെ ലഭിച്ച എല്ലാ പരാതികൾക്കും പരിഹാരം കണ്ടിട്ടുണ്ട്. ജില്ലയിൽ 40853 അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് ഇന്ന് ഇതിനകം ലഭ്യമായിട്ടുള്ളത്.
- Log in to post comments