ചെല്ലാനം സമഗ്രവികസന കൂടിയാലോചന യോഗം കുഫോസിൽ മെയ് 29 ന്
കൊച്ചി - കടൽക്ഷോഭം മൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനം ഗ്രാമത്തിൽ നടപ്പിലാക്കേണ്ട ശാസ്ത്രീയ സമഗ്രവികസന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) മെയ് 29 ശനിയാഴ്ച കൂടിയാലോചന യോഗം നടക്കും. പനങ്ങാട് കുഫോസ് മെയിൻ കാന്പസ്സിലുള്ള ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് സംസ്ഥാന ഫിഷറിസ് മന്ത്രിയും കുഫോസ് പ്രോ ചാൻസലറുമായ സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഇഡൻ എം.പിയും എം.എൽ.എ മാരായ കെ.ബാബുവും കെ.ജെ.മാക്സിയും യോഗത്തിൽ പങ്കെടുക്കും. ചെല്ലാനം ഗ്രാമം നിരന്തരം നേരിടുന്ന കടൽക്ഷോഭത്തിന്റെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും വിശദമായി ചർച്ചചെയ്യുന്ന യോഗത്തിൽ പ്രഗൽഭരായ പരിസ്ഥിതി ശാസ്ത്രജ്ഞരും തീരദേശ,ഹാർബർ എഞ്ചിനീയറിങ്ങ് വിദഗ്ദരും പങ്കെടുക്കും.ജനജീവിതം സാധാരണ നിലയിലാക്കാൻ സ്വീകരിക്കേണ്ട അടിയന്തര, ദീർഘകാല നടപടികളെ കുറിച്ച് യോഗം ചർച്ചചെയ്യുമെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ അറിയിച്ചു. കുഫോസിന്റെ വില്ലേജ് അഡോപ്ഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലാനം ഗ്രാമത്തെ ദത്തെടുക്കുന്നതിനുള്ള പ്രാഥമിക പ്രൊജക്ട് റിപ്പോർട്ടും യോഗത്തിലെ തീരുമാനങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കും.പൊതുജനങ്ങൾക്ക് ഫേസ് ബുക്ക് ലൈവിലൂടെ യോഗത്തിൽ പങ്കെടുക്കാം. ഫേസ് ബുക്കിൽ കുഫോസ് ലൈവ് എന്ന് സേർച്ച് ചെയ്താൽ യോഗനടപടികളുടെ സംപ്രേക്ഷണ പേജിലെത്താം.
- Log in to post comments