വിദേശത്തേക്ക് പോകുന്നവർക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ
ആലപ്പുഴ: വിദേശത്തേക്ക് പോകുന്നവർക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷനായി രജിസ്റ്റർ ചെയ്യാം. www.cowin.gov.in എന്ന ലിങ്കിൽ ആദ്യം വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. തുടർന്ന് മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ലിങ്ക് തുറക്കുമ്പോൾ ലഭിക്കുന്ന 'ഇൻഡിവജ്യൽ റിക്വസ്റ്റ്' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന 'ഡിസ്ക്ലെയിമർ' എന്ന മെസേജ് ബോക്സ് ക്ലോസ് ചെയ്യുക. നാട്ടിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ എന്റർ ചെയ്ത് ഗെറ്റ് ഒ.ടി.പി. എന്നതിൽ ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ആറക്ക ഒ.ടി.പി. നമ്പർ ഗെറ്റ് ഒ.ടി.പി. എന്ന ബോക്സിൽ നൽകുക. വെരിഫൈ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഒ.ടി.പി. വെരിഫൈഡ് എന്ന മെസേജ് ലഭിച്ചാൽ ഒ.കെ. ക്ലിക്ക് ചെയ്യുക.
രജിസ്ട്രേഷൻ ഫോമിൽ ജില്ല, പേര്, ലിംഗ്, ജനന വർഷം, യോഗ്യത വിഭാഗം (ഇവിടെ ഗോയിംഗ് എബ്രോഡ് എന്നത് തിരഞ്ഞെടുക്കുക), ഏറ്റവും അടുത്ത വാക്സിനേഷൻ കേന്ദ്രം എന്നിവ പൂരിപ്പിക്കുക.
സപ്പോർട്ടിംഗ് ഡോക്യുമെന്റ്സ് എന്നതിനു താഴെ ആദ്യം പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ ഒറ്റ പേജായി കോപ്പി എടുത്ത ഫയലും രണ്ടാമത്തേതിൽ പ്രവാസികളുടെ വിസ സംബന്ധമായ വിവരങ്ങളും അപ്ലോഡ് ചെയ്യുക. (ഓരോ ഫയലുകളും പിഡിഎഫ്/ജെപിജി ഫോർമാറ്റിൽ 500 കെ.ബിയിൽ താഴെ ഫയൽ സൈസ് ഉള്ളതായിരിക്കണം. അവസാനമായി നേരത്തെ കോവിഡ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച 14 അക്ക കോവിൻ റഫറൻസ് ഐ.ഡി. എന്റർ ചെയ്യണം. ഇതിന് ശേഷം സമർപ്പിക്കാം. ഈ അപേക്ഷയും കൂടെ നൽകിയ രേഖകളും ജില്ലാതലത്തിൽ പരിശോധിച്ച ശേഷം അർഹരായവരെ വാക്സിൻ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കും. വാക്സിനേഷൻ കേന്ദ്രത്തിലെത്തുമ്പോൾ അപ്പോയ്മെന്റ് എസ്.എം.എസും തിരിച്ചറിയൽ രേഖയായി പാസ്പോർട്ടും കാണിക്കണം.
- Log in to post comments