Skip to main content

അക്ഷരദീപം തെളിഞ്ഞു വെര്‍ച്വല്‍ പ്രവേശനോത്സവത്തില്‍ ആശംസകള്‍ അറിയിച്ച് മന്ത്രിമാര്‍

പുതിയ അധ്യയനവര്‍ഷത്തിന് ജില്ലയില്‍ തുടക്കമായി.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും ജില്ലയില്‍ വിവിധ ഇടങ്ങളില്‍ വെര്‍ച്വല്‍ പ്രവേശനോത്സവത്തിന് ഓണ്‍ലൈന്‍ ആയി നേതൃത്വം നല്‍കുകയും വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ  അധ്യാപകരില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്നതിനോടൊപ്പം പൗരബോധമുള്ള വ്യക്തികള്‍ ആയി വളരാന്‍ വിദ്യാര്‍ത്ഥികള്‍ പരിശ്രമിക്കണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. കൊട്ടാരക്കര മണ്ഡലത്തില്‍  സ്‌കൂള്‍തല പ്രവേശനോത്സവത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുസ്തകങ്ങള്‍ വായിക്കാനും വ്യായാമം ചെയ്യാനും വീട്ടുജോലികളില്‍ മാതാപിതാക്കളെ സഹായിക്കാനും കുഞ്ഞുങ്ങള്‍ തയ്യാറാകണമെന്നും അഭിരുചികള്‍ വര്‍ദ്ധിപ്പിക്കാനും പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുമുള്ള അവസരമായി ലോക്ക് ഡൗണ്‍ കാലത്തെ കാണണമെന്നും ആശംസാ സന്ദേശത്തില്‍ മന്ത്രി പറഞ്ഞു. ചടയമംഗലം ഗവ.യു.പി.എസിലെ വെര്‍ച്വല്‍  പ്രവേശനോത്സവത്തിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നേതൃത്വം നല്‍കി. കോവിഡ് നിയന്ത്രണവിധേയമാകുന്നതോടെ വരും നാളുകളില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോയി പഠിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
എം. നൗഷാദ് എം.എല്‍.എ ഇരവിപുരം ഗവ. ന്യൂ എല്‍.പി.എസിലും  ആലുംമൂട് ഗവണ്മെന്റ് എല്‍.പി.സ്‌കൂളിലും ഓണ്‍ലൈനായി പ്രവേശനോത്സവത്തില്‍ പങ്കെടുത്തു. തേവള്ളി ബോയ്‌സ് ഹൈസ്‌കൂള്‍, ഗേള്‍സ് ഹൈസ്‌കൂള്‍, ടി.കെ.ഡി.എം. തുടങ്ങി കൊല്ലം മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന് എം. മുകേഷ് എം.എല്‍.എയുടെ വീഡിയോ സന്ദേശത്തിലൂടെ തുടക്കമായി. കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പ്രവേശനോത്സവ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ചവറയിലെ വള്ളിക്കീഴ് ഗവ എച്ച്.എസ്.എസ്, പ•ന മനയില്‍ ഗവ. എച്ച്.എസ്.എസ്, ലൂര്‍ദ് മാതാ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഡോ.സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ ആശംസകള്‍ അറിയിച്ചു. കരുനാഗപ്പള്ളിയിലെ വിവിധ സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന് സി.ആര്‍ മഹേഷ് എം.എല്‍.എ തുടക്കം കുറിച്ചു. പുനലൂരിലെ പ്രവേശനോത്സവ ചടങ്ങുകളില്‍ പി.എസ്. സുപാല്‍ എം.എല്‍.എയും കുണ്ടറയില്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എയും സാന്നിധ്യം  അറിയിച്ചു. ചാത്തന്നൂര്‍ എല്‍.പി.എസ്, കോയിപ്പാട് എല്‍.പി.എസ്. പൂതക്കുളം എല്‍.പി.എസ്. എന്നിവിടങ്ങളില്‍ ജി.എസ്.ജയലാല്‍ എം.എല്‍.എ ആശംസാ സന്ദേശമറിയിച്ചു.
പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്, മൗണ്ട് ടാബോര്‍ ഗേള്‍സ് എച്ച്. എസ്,മേലില ഗവ.യു.പി.എസ്, ആവണീശ്വരം ഗവ.എല്‍.പി.എസ്, ഇടത്തറ മുഹമ്മദന്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ്, മഞ്ഞക്കാല ഗവ.യു.പി.എസ്, പട്ടാഴി ഗവ എച്ച്.എസ്.എസ്, പട്ടാഴി ഗവ.യു.പി.എസ.് സ്‌കൂളുകളില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ വീഡിയോ സന്ദേശം എത്തി.
തുയ്യം എല്‍ പി എസ് ലും സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തേവള്ളി ഗവ മോഡല്‍ ബോയ്‌സ് എച്ച് എസ്, വാളത്തുംഗല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബോധിനി ബഡ്സ് സ്‌കൂള്‍, ഉളിയക്കോവില്‍ ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രവേശനോത്സവ പരിപാടിയില്‍  മേയര്‍ പ്രസന്ന ഏണസ്റ്റ് ആശംസ അറിയിച്ചു. ചടയമംഗലം ഗവ. മഹാത്മ ഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വയല ഗവ.എച്ച്.എസ്.എസ്, കേരളപുരം ഗവണ്മെന്റ് ഹൈസ്‌കൂള്‍, തേവന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രവേശനോത്സവത്തിന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ സാന്നിധ്യമറിയിച്ചു.
വെര്‍ച്വല്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഓണ്‍ലൈന്‍ സന്ദേശത്തെ തുടര്‍ന്നാണ് ജില്ലയിലെ സ്‌കൂളുകളില്‍ പ്രവേശനോത്സവത്തിന് തുടക്കമായത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി,  സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ  പ്രഗത്ഭര്‍ തുടങ്ങിയവരുടെ വീഡിയോ സന്ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിരുന്നു. പരിപാടിയുടെ ഭാഗമായി സ്‌കൂളുകളിലും  വിദ്യാര്‍ഥികള്‍ വീടുകളിലും അക്ഷരദീപം തെളിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം നേരത്തെതന്നെ പൂര്‍ത്തിയായിരുന്നു. വിക്‌ടേഴ്‌സ് ചാനല്‍, വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ യൂട്യൂബ് ചാനലുകള്‍ എന്നിവ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തും. കിളിക്കൊഞ്ചല്‍ എന്ന അങ്കണവാടി കുട്ടികളുടെ ക്ലാസുകളോടെയാണ് ഈ അധ്യയനവര്‍ഷത്തെ ക്ലാസ്സുകള്‍ക്ക് തുടങ്ങിയത്.
(പി.ആര്‍.കെ നമ്പര്‍.1337/2021)
 

date