Skip to main content

വെട്ടിക്കവലയില്‍ പള്‍സ് ഓക്‌സിമീറ്ററുകള്‍ വിതരണം ചെയ്തു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പള്‍സ് ഓക്‌സിമീറ്ററുകള്‍ വിതരണം ചെയ്തു. ആറ് ഗ്രാമപഞ്ചായത്തുകളിലെ 114 വാര്‍ഡുകളിലെയും ആശാപ്രവര്‍ത്തകര്‍ക്കാണ് നല്‍കിയത്. ഉദ്ഘാടനം  ബ്ലോക്ക് പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍ നിര്‍വഹിച്ചു.
വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ റോഡുവിള ട്രാവന്‍കൂര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സി.യില്‍ പതിനഞ്ചോളം രോഗികള്‍ ഉണ്ട്. നിര്‍ധനരായ വര്‍ക്ക് കോവിഡ് പരിശോധനയ്ക്ക് പോകുന്നതിന് ഓട്ടോ-ടാക്‌സി സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഹെല്‍പ്പ് ഡെസ്‌ക്, വാര്‍ റൂം, വാര്‍ഡ് തല ആര്‍ആര്‍ടികള്‍ എന്നിവയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരികയാണെന്ന് പ്രസിഡന്റ് എം. അന്‍സാര്‍ പറഞ്ഞു. ഇത്തിക്കര ബ്ലോക്കിലെ  ചാത്തന്നൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലില്‍ ആരംഭിച്ച സ്റ്റെപ്പ് ഡൗണ്‍ സി.എഫ്.എല്‍.ടി.സിയില്‍ നിലവില്‍ 17 രോഗികളുണ്ട്. മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡുതലത്തില്‍ നടന്നുവരികയാണെന്ന് ബി.ഡി.ഒ അറിയിച്ചു.
70 കിടക്കകളുള്ള പരവൂര്‍ നഗരസഭയിലെ ഡി.സി.സി.യില്‍ നിലവില്‍ 30 പേര്‍ ചികിത്സയിലുണ്ട്. 32 വാര്‍ഡുകളിലും അഞ്ച് സന്നദ്ധപ്രവര്‍ത്തകരെ വീതം നിയോഗിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ അണുനശീകരണം നടത്തിവരുന്നു. വാര്‍ഡുതല ജാഗ്രതാ സമിതികളുടെയും ക്ലോസ്ഡ് ക്ലസ്റ്റര്‍ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനം സജീവമാണെന്ന് സെക്രട്ടറി വൃജ അറിയിച്ചു.
കരുനാഗപ്പള്ളി നഗരസഭയിലെ വിവിധ ഡിവിഷനുകളില്‍ ആവശ്യമായ മരുന്നുകളുടെയും പള്‍സ് ഓക്‌സിമീറ്ററുകളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. നഗരസഭ ഓഫീസ് കേന്ദ്രീകരിച്ചുള്ള 24മണിക്കൂര്‍ വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. രോഗികള്‍ക്ക് ആവശ്യമായ വാഹനസൗകര്യം സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് കുടുംബശ്രീ ജനകീയ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുന്നു.
(പി.ആര്‍.കെ നമ്പര്‍.1373/2021)

date