മത്സ്യങ്ങളുടെ ഗുണമേന്മ; പരിശോധനയില്‍ രാസസാന്നിധ്യം കണ്ടെത്തിയില്ല
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പച്ചക്കറി കടകള്‍, വാഹനങ്ങളില്‍ ഭക്ഷണം വില്ക്കുന്നവര്, മാംസ വിപണന കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, ഹോട്ടല്‍, എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. മെയ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 160 ലധികം പരിശോധനകളാണ് വകുപ്പ് നടത്തിയത്.
കൂടാതെ പൊതുജനങ്ങളില്‍ നിന്നുള്ള പതിനഞ്ചിലധികം പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നേരിട്ട് പരിശോധിച്ച് തീര്‍പ്പാക്കി. മത്സ്യങ്ങളുടെ ഗുണമേന്മയെക്കുറിച്ചുള്ള പരാതികളായിരുന്നു അധികവും.
ഇതിന്റെഅടിസ്ഥാനത്തില്‍ പള്ളുരുത്തി, മുനമ്പം, ചമ്പക്കര, പേഴയ്ക്കാപ്പിള്ളി എന്നിവിടങ്ങളിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നും 45 ലധികം സര്‍വൈലന്‍സ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. ഈ കാലയളവില്‍ പരിശോധിച്ച മത്സ്യ സാമ്പിളുകളില്‍ ഒന്നില്‍പ്പോലും രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കൂടാതെ പാലിന്റെ പത്ത് സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കി. ഭക്ഷ്യ ഉത്പന്നങ്ങളുടെ 20 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കും. പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയ 17 സ്ഥാപനങ്ങളിലെ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
- Log in to post comments