Skip to main content
ജില്ലാ പഞ്ചായത്ത് യോഗം

നെറ്റ്വര്‍ക്ക് പ്രശ്നം: പട്ടികവര്‍ഗ്ഗ കോളനികളിലെ 104 ഇടങ്ങളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തും ജില്ലാ പഞ്ചായത്ത് യോഗം ചേര്‍ന്നു

ജില്ലയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി നെറ്റ് വര്‍ക്ക് പ്രശ്നം നേരിടുന്ന പട്ടിക വര്‍ഗ്ഗ കോളനികളില്‍ വൈഫൈ സൗകര്യമൊരുക്കാന്‍ ജില്ലാ പഞ്ചായത്ത്. നെറ്റ് വര്‍ക്ക് പ്രതിസന്ധി നേരിടുന്ന 104 കേന്ദ്രങ്ങളില്‍ വൈഫൈ കണക്ഷന്‍ ഏര്‍പ്പെടുത്താനാണ് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായത്. പട്ടിക വര്‍ഗ്ഗ കോളനികളിലെ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനിക്കകത്തെ പഠനകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വൈഫൈ കണക്ഷന്‍ ലഭ്യമാക്കുമെന്ന് പി പി ദിവ്യ പറഞ്ഞു.

ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് പഠനോപകരണ വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണ്. ജില്ലയിലെ അധ്യാപകര്‍ക്കായി പ്രശസ്ത സര്‍വ്വകലാശാലകളിലെ വിദഗ്ധരെ ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ പഠന സംവിധാനങ്ങളെ കുറിച്ച് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. അടുത്തയാഴ്ചയോടെ പരിശീലനം ആരംഭിക്കുമെന്നും പി പി ദിവ്യ പറഞ്ഞു.

ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തെരുവുനായ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതി പുനരാരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. തെരുവുനായ ശല്യം വലിയ പ്രശ്നമായി ഉയര്‍ന്നുവരികയാണ്. വന്ധ്യംകരണം മാത്രമേ നിലവില്‍ നടപ്പാക്കാനാകൂ. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി എബിസി പദ്ധതി നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. ബന്ധപ്പെട്ട ജീവനക്കാര്‍ നേപ്പാളിലേക്ക് തിരിച്ചുപോയതായിരുന്നു കാരണം. എന്നാല്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് നേപ്പാളില്‍ നിന്ന് ആറ് പേരെ ജില്ലയില്‍ എത്തിച്ചിട്ടുണ്ട്. ജൂലൈ 20 ന് ശേഷം തെരുവുനായകളെ കണ്ടെത്തി വന്ധ്യംകരണം ചെയ്യുന്ന പദ്ധതി ആരംഭിക്കും. പടിയൂരിലെ വന്ധ്യംകരണ കേന്ദ്രത്തിന്റെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും പി പി ദിവ്യ പറഞ്ഞു.

വനവല്‍ക്കരണ പദ്ധതിയായ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല ക്യാംപയിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 50 ഓളം അപേക്ഷകള്‍ ഇതിനോടകം ലഭിച്ചു. വനം വച്ചുപിടിപ്പിക്കാന്‍ മൂന്നേക്കര്‍ ഭൂമി നല്‍കാന്‍ തയ്യാറായവര്‍ പോലും ജില്ലയിലുണ്ട്. ഇവിടങ്ങളില്‍ പരിശോധന അടുത്തയാഴ്ച നടക്കും. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലപരിശോധനയ്ക്കായി 13 സ്‌കൂളുകളാണ് ആദ്യഘട്ട ലാബുകള്‍ സ്ഥാപിക്കുന്നതിന് തെരഞ്ഞടുത്തിട്ടുള്ളത്. ഈ ലാബുകളില്‍ ജലപരിശോധനയ്ക്കൊപ്പം മണ്ണ് പരിശോധിക്കാനുള്ള സാധ്യതയും പരിഗണിക്കുമെന്ന് പി പി ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ നിന്ന് ആസൂത്രണ സമിതിയിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങളെയും പ്രസിഡണ്ട് അഭിനന്ദിച്ചു.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ്് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി സരള, വി കെ സുരേഷ് ബാബു, യു പി ശോഭ, സെക്രട്ടറി വി ചന്ദ്രന്‍, അംഗങ്ങള്‍, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date