കണ്ണൂര്‍ അറിയിപ്പുകള് 15-07-2021
ശനി, ഞായര്‍ ദിവസങ്ങളില്‍ മെഗാ പരിശോധനാ ക്യാമ്പ്
ജില്ലയിലെ 81 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കൊവിഡ് മെഗാ പരിശോധനാ ക്യാമ്പ് നടക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി 17000 ത്തിലേറെ പരിശോധനകള്‍ നടത്തുകയാണ് ലക്ഷ്യം. ഓരോ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 200 വീതം ആന്റിജന്‍ പരിശോധനയും ഇവയില്‍ ആക്ടീവ് കേസുകള്‍ കൂടുതല്‍ ഉള്ളയിടങ്ങളില്‍ ആന്റിജനു പുറമെ 100 വീതം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തും. കോര്‍പറേഷനില്‍ 500 ആന്റിജന്‍ പരിശോധനയും 200 ആര്‍ടിപിസിആര്‍ പരിശോധനയും ഉള്‍പ്പെടെ 700 ടെസ്റ്റുകള്‍ നടക്കും.
മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്ററുകള്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാം
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം എ, ബി, സി കാറ്റഗറികളില്‍പ്പെട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങളുടെ റിപ്പയറിംഗ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കൊപ്പം മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്ററുകള്‍ക്കു കൂടി ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രി എട്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്കി. ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പഠനോപകരണങ്ങളുടെ റിപ്പയറിംഗ് ആവശ്യം പരിഗണിച്ചാണിത്.
വിഡോ സെല്‍ ഇന്ന് (ജൂലൈ 16) മുതല്‍
കേരളത്തില്‍ ആദ്യമായി വിധവകള്‍ക്ക് വേണ്ടി മാത്രമായി സഹായ കേന്ദ്രം ജില്ലയില്‍ ആരംഭിക്കുന്നു. സിവില്‍ സ്റ്റേഷനിലെ വനിത ശിശു വികസന വകുപ്പ് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസിനോട് ചേര്‍ന്ന് വിഡോ സെല്ലിന്റെ ഉദ്ഘാടനം ഇന്ന് (ജൂലൈ 16) വൈകിട്ട് നാല് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനാകും. വിധവകളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നതിനാണ് വിഡോ സെല്‍ പ്രവര്‍ത്തിക്കുക. ആദ്യഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ വിധവകളുടെയും രജിസ്ട്രേഷന്, ഹെല്പ് ലൈന്‍ -ഹെല്പ് ഡെസ്ക് സേവനങ്ങള്‍ എന്നിവയാണ് ലക്ഷ്യം വെക്കുന്നത്. രജിസ്ട്രേഷന് പൂര്‍ത്തീകരിച്ചാല്‍ സ്വയം തൊഴില്‍ പരിശീലനം, സൗജന്യ നിയമ സഹായം, കൗണ്‍സലിംഗ്, പോലീസ് സഹായം, പുനര്‍വിവാഹം, പുനരധിവാസം എന്നിവയും വിഡോ സെല്ലിലൂടെ വിഭാവനം ചെയ്യുന്നുണ്ട്.
വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു
തെരുവുനായ്ക്കളുടെ പ്രജനനനിയന്ത്രണ പദ്ധതി നടത്തിപ്പിനായി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പാപ്പിനിശ്ശേരി എ ബി സി സെന്ററിലേക്ക് വെറ്ററിനറി സര്‍ജനെ താത്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂലൈ 22ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്തില്‍ നടക്കും. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സല് സഹിതം ഹാജരാകണം. ഫോണ്‍ 0497 2700267.
ഭരണാനുമതിയായി
രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ യുടെ 2020-21 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 3.5 ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂര്‍ മണ്ഡലത്തിലെ മുനിസിപ്പല്‍ കോര്പറേഷന്, ഡിവിഷന് നമ്പര്‍ 28 ല്‍ പ്പെട്ട പെരിങ്ങോത്തമ്പലം റോഡ് ബാക്കി ഭാഗം- നീലിയകത്തൂട്ട് ക്ഷേത്രം വരെ കോണ്‍ക്രീറ്റിംഗ് പ്രവൃത്തി നടപ്പാക്കുന്നതിനും, 3.47 ലക്ഷം രൂപ ചെലവഴിച്ച് കോര്‍പറേഷനിലെ താഴെ ചൊവ്വ - ചങ്ങലവയല് വളപ്പ് കുടിവെള്ള പൈപ്പ് ലൈന്‍ പ്രവൃത്തിക്കും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
സ്വയംതൊഴില്‍ വായ്പാ പദ്ധതി
താഴ്ന്ന വരുമാനക്കാരായ ഒ ബി സി കുടുംബങ്ങള്‍ക്ക് നാമമാത്ര/ ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് വായ്പ നല്കുന്നു. പദ്ധതി പ്രകാരം പച്ചക്കറി, മത്സ്യ കൃഷികള്‍, ആട്, പശു വളര്‍ത്തല്‍, കച്ചവടം, ഭക്ഷ്യ സംസ്ക്കരണം, കാറ്ററിംഗ്, പെട്ടിക്കട, തട്ടുകട, പപ്പടം, മെഴുകുതിരി, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയുടെ നിര്‍മാണം, നോട്ട് ബുക്ക് ബൈന്‍ഡിംഗ്, ടെയ്ലറിംഗ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങി ചെറിയ മൂലധനത്തില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. കുടുംബ വാര്‍ഷിക വരുമാനം 1.2 ലക്ഷം രൂപയില്‍ അധികരിക്കാത്ത ഒ ബി സി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25-55 വയസ്സ്. അഞ്ച് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ 36 മാസം കൊണ്ട് വായ്പ തിരിച്ചടക്കണം. www.ksbcdc.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ജില്ലാ / ഉപജില്ല ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04972 706197
പ്രൊഫഷണലുകള്‍ക്ക് വായ്പാ പദ്ധതി
പട്ടികജാതി - പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിന് സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്പറേഷന് വായ്പ നല്കുന്നു. 25 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. 50 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. വായ്പാ തുക ഏഴ് ശതമാനം പലിശ നിരക്കില്‍ 60 തുല്യ മാസത്തവണകളായി തിരിച്ചടക്കണം. മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്/വെറ്ററിനറി ക്ലിനിക്, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്‍സി, ആര്‍ക്കിടെക്ചര്‍ കണ്‍സല്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ്വെയര് ഡെവലപ്മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്നസ് സെന്റര്‍, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യൂകള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഞ്ചിനീയറിംഗ് വര്‍ക്ക്ഷോപ്പ് തുടങ്ങിയ പ്രൊഫഷണല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 96 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. പ്രായം 55 ല്‍ കവിയരുത്. ഈടായി കോര്പറേഷന് നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറം കോര്‍പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 0497 2705036, 8921158858.
ലെവല്‍ ക്രോസ്സ് അടക്കും
എന്‍ എച്ച് - ബീച്ച് റോഡില്‍ തലശ്ശേരി- എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 234 -ാം നമ്പര്‍ ലെവല്‍ ക്രോസ് ജൂലൈ 18 ന് രാവിലെ എട്ട് മണി മുതല്‍ ജൂലൈ 20ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചീനീയര്‍ അറിയിച്ചു.
മരം ലേലം
കണ്ണൂര്‍ ഗവ ടെക്നിക്കല്‍ ഹൈസ്കൂളിലെ ക്യാമ്പസിനകത്തുള്ളതും മാര്‍ക്ക് ചെയ്തിട്ടുള്ളതുമായ തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ച് നീക്കം ചെയ്യുന്നതിനായി ലേലം/ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 26ന് ഉച്ചക്ക് രണ്ട് മണി മുതല്‍ മൂന്ന് വരെ ടെക്നിക്കല്‍ ഹൈസ്കൂളിലാണ് ലേലം. ഫോണ്‍: 0497 2835260.
- Log in to post comments