Skip to main content

കോവിഡ് രോഗസ്ഥിരീകരണ നിരക്ക് കുറച്ചുകൊണ്ടുവരാന്‍ കര്‍ശന നടപടി  ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്

 

കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് കുറച്ചുകൊണ്ടുവരാനും 10 ന് മുകളിലേക്ക് ഉയരാതിരിക്കാനും ജില്ലയില്‍ കര്‍ശന പ്രതിരോധ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും അത് ശക്തമായി തുടരുമെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. ബക്രീദിനോടനുബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇളവുകള്‍ കര്‍ശന ജാഗ്രതയോടെ വിനിയോഗിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പറഞ്ഞു. ഇപ്പോള്‍ അനുവദിച്ച ഇളവുകള്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് വിനിയോഗിക്കാന്‍ പൊതു ജനങ്ങളും വ്യാപാരികളും ശ്രദ്ധിക്കണം. കുറഞ്ഞത് ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവര്‍ മാത്രം  പുറത്തിറങ്ങാന്‍ ശ്രദ്ധിക്കുക. ആരാധനാലയങ്ങളില്‍ അനുവദിച്ച പരിധിയില്‍ കൂടുതല്‍ ആളുകള്‍ വരുന്നത് ഒഴിവാക്കണം. ജില്ലാതല കോവിഡ് കോര്‍ ഗ്രൂപ്പ് യോഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ അവലോകനം ചെയ്തു.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ ലോക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം പരിശോധനയ്ക്ക് വിധേയമാകാന്‍ സന്നദ്ധരാകണം. ഇതിനായി വ്യാപാരികളുടെ സംഘടനകള്‍ വഴി ജില്ലാ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെടാവുന്നതാണ്. ലോക് ഡൗണ്‍ കാലയളവിലുടനീളം പൊതുജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു വരുന്ന പലചരക്കുകടക്കാര്‍, മത്സ്യ, മാംസ, പച്ചക്കറി വില്‍പ്പനക്കാരെ മുഴുവനും പരിശോധിക്കുന്നതിനായി ഓരോ പഞ്ചായത്ത് തലത്തിലും പ്രത്യേക പദ്ധതി തയാറാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. 

നിലവില്‍ 21 തദ്ദേശ സ്ഥാപനങ്ങള്‍ ഡി കാറ്റഗറിയിലുണ്ട്. കോവിഡ് കേസുകള്‍ ഉയരുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. പുതിയ കേസുകളുണ്ടാകുന്ന വാര്‍ഡുകളും രോഗസ്ഥിരീകരണ നിരക്ക് മാറ്റമില്ലാതെ ഉയര്‍ന്ന് നില്‍കുന്ന ഇടങ്ങളും  കേന്ദ്രീകരിച്ച് നിയന്ത്രണം ശക്തമാക്കും. വാര്‍ഡ്തല ദ്രുത കര്‍മ്മ സേനയുടെയും ശുചിത്വ സമിതികളുടെയും പ്രവര്‍ത്തനം ശക്തമാക്കും. 

നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും ശക്തമാക്കും. കോര്‍പ്പറേഷന്‍ മേഖലയിലെ വ്യാപനം തടയുകയാണ് ലക്ഷ്യം. ഷോപ്പിംഗ് മാളുകള്‍ നിരവധിയുള്ള കോര്‍പ്പറേഷന്‍ മേഖലയില്‍ നടപടികള്‍ ശക്തമാക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. കോണ്‍ടാക്റ്റ് ട്രേസിംഗിനും വിവര ശേഖരണത്തിനും ഒരു മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തിക്കും. എല്ലാ വിവരങ്ങളും കോവിഡ് ജാഗ്രതാ പോര്‍ട്ടില്‍ ലഭ്യമാക്കും. വിവരശേഖരത്തില്‍ വീഴ്ച ഒഴിവാക്കി ക്ലസ്റ്ററുകള്‍ നേരത്തേ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

ജില്ലയിലെ വാക്‌സിനേഷന്‍ സ്ഥിതി പരിശോധിച്ച യോഗം മികച്ച രീതിയില്‍ ഇത്  പുരോഗമിക്കുന്നതായി വിലയിരുത്തി. ചെല്ലാനത്ത് 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി. കുട്ടമ്പുഴയില്‍ 18 വയസിനു മുകളിലുള്ള ആദിവാസി വിഭാഗത്തിലെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി. ജില്ലയിലെ 90% പഞ്ചായത്തകളും 60 നു മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. ടൂറിസം രംഗത്തുള്ളവര്‍ക്കുള്ള വാക്‌സിനേഷനുള്ള വിപുലമായി  നടപടികള്‍ യോഗം വിലയിരുത്തി. നേവി ഉദ്യോഗസ്ഥര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള െ്രെഡവ് 22 ന് ആരംഭിക്കും. 50 % ത്തിലധികം പഞ്ചായത്തുകളിലും ഒരു അധിക വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിച്ചു. ഒരു പഞ്ചായത്തില്‍ ഒരു അധിക കേന്ദ്രം മാത്രമേ അനുവദിക്കൂ എന്നും കളക്ടര്‍ അറിയിച്ചു. 

സിക്ക നിരീക്ഷണം കര്‍ശനമാക്കി

ജില്ലയില്‍ സിക്ക വൈറസ് രോഗബാധ സ്ഥിരീകരിച്ച വാഴക്കുളത്ത് നിരീക്ഷണം കര്‍ശനമാക്കി. മെഡിക്കല്‍ വിദഗ്ധര്‍ രോഗിയെ സന്ദര്‍ശിച്ചു. മൂന്ന് പേരുടെ കൂടി സാംപിളുകള്‍ ശേഖരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ യോഗം ചേര്‍ന്നു. സാങ്കേതിക നിര്‍ദേശങ്ങള്‍ മെഡിക്കല്‍ സംഘം നല്‍കി. ജൂലൈ 14ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച വ്യക്തിക്ക് മൂന്നു ദിവസത്തിനകം രോഗം സ്ഥിരീകരിച്ചു. ഇവര്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ അടിസ്ഥാനമാക്കി വാഴക്കുളത്തെ മൂന്ന് വാര്‍ഡുകളിലും കിഴക്കമ്പലത്തെ ഒരു വാര്‍ഡിലും നിരീക്ഷണം ശക്തമാക്കി. ഗര്‍ഭിണികളില്‍ നിരീക്ഷണം കര്‍ശനമായി തുടരുന്നു. 52 ഗര്‍ഭിണികളെയാണ് നിരീക്ഷിച്ചു വരുന്നതെന്ന് ഡി എസ് ഒ (2) ഡോ. വിനോദ് പൗലോസ് അറിയിച്ചു. 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍, ഡി പി എം ഡോ. മാത്യൂസ് നമ്പേലി, ഡി എസ് ഒ ഡോ. ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു

date