കുസാറ്റില്‍ സൈബര്‍ സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു
കുസാറ്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വകുപ്പിലെ സൈബര്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ലബോറട്ടറി 'വിവര സംരക്ഷണത്തിനായുള്ള സൈബര്‍ സുരക്ഷാ മേല്‍നോട്ടം' എന്ന വിഷയത്തില്‍ അഞ്ച് ദിവസത്തെ ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ടെക്നിക്കല്‍ എഡ്യൂക്കേഷനും കേന്ദ്ര സര്‍ക്കാരിന്റെ ട്രെയിനിംഗ് ആന്റ് ലേണിംഗ് ഓണ്‍ലൈന്‍ എഫ്.ഡി.പി.യുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സെബര്‍ ഭീഷണികളില്‍ നിന്ന് സുരക്ഷ ഉറപ്പാക്കുന്നതിന് വ്യവസായ-അക്കാദമിക് സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കണമെന്ന് വൈസ് ചാന്‍സലര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വകുപ്പ് മേധാവി ഡോ. എം.കെ. സാബു അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. വി. മീര, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. കെ. ഗിരീഷ് കുമാര്‍, ഡോ. ജൂഡി എം.വി., ഡോ. പി. വിനോദ് എന്നിവര്‍ സംസാരിച്ചു. സമൂഹമാധ്യമങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍, മാല്‍വെയര്‍ അനാലിസിസ്, വെബ് സുരക്ഷ, മള്‍ട്ടിമീഡിയ സുരക്ഷ, ക്രിപ്‌റ്റോഗ്രഫി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍-കോളേജ് അദ്ധ്യാപകര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, വ്യവസായ മേഖലയില്‍ നിന്നുളളവര്‍ തുടങ്ങി ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.
- Log in to post comments