നിലനില്‍പ്പിനായുള്ള പോരാട്ടമായിരുന്നു കടയ്ക്കല്‍ പ്രക്ഷോഭം-അസി.കലക്ടര്‍
സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ സാമ്പത്തിക ചൂഷണത്തിനെതിരെ നടത്തിയ സമരമെന്നതാണ് കടയ്ക്കല്‍ പ്രക്ഷോഭത്തിന്റെ സവിശേഷതയെന്ന് അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കൊട്ടിയം എന്‍.എസ്.എസ് കോളജിലെ ഗാന്ധിയന്‍ പഠനകേന്ദ്രവുമായി സഹകരിച്ച് നടത്തിയ ചരിത്ര വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കടയ്ക്കല്‍ സ്വദേശി കൂടിയായ അസിസ്റ്റന്റ് കലക്ടര്‍. സമൂഹത്തിലെ സാമ്പത്തിക അന്തരം കൂടുതല്‍ വ്യാപിക്കുന്ന ഇന്നത്തെ ലോകക്രമത്തില്‍ സ്വാതന്ത്ര്യ സമരചരിത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അതു തിരിച്ചറിയാന്‍ പുതുതലമറ മുന്നോട്ട് വരണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കൊട്ടിയം എന്‍. എസ്. എസ്. കോളജ് പ്രിന്‍സിപ്പല്‍ ഡോ.ഇ.എന്‍ സതീഷ് അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.എസ്.അരുണ്‍, ചവറ സര്‍ക്കാര്‍ കോളജിലെ ചരിത്ര വിഭാഗം അധ്യാപകന്‍ കെ.എച്ച്. രാഗേഷ്, കൊട്ടിയം എന്‍.എസ്. എസ്.കോളജ് ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ.കിഷോര്‍ റാം, അധ്യാപിക കെ. ജി. മീര, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1804/2021)
കര്‍ക്കിടക കഞ്ഞിക്കൂട്ട് പുറത്തിറക്കി
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ആയുര്‍വേദ ഔഷധനിര്‍മ്മാണ വ്യവസായ സഹകരണ സംഘം (ഭേഷജം) ഉല്‍പ്പാദിപ്പിക്കുന്ന കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയില്‍. സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള കൗണ്ടര്‍ കലക്‌ട്രേറ്റ് അങ്കണത്തില്‍ തുടങ്ങി. കിറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ എ.ഡി.എം സാജിത ബീഗത്തിന് നല്‍കി നിര്‍വഹിച്ചു.
200 രൂപയുടെ കഞ്ഞിക്കൂട്ടിന് 50 രൂപ വിലക്കിഴിവുണ്ട്. ഞവരഅരി, മല്ലി, ആശാളി, ചുക്ക്, ചെറുപുന്നയരി, കുടകപ്പാലയരി, കാര്‍കോകിലരി, ജീരകം, അയമോദകം, വിഴാലരി, തക്കോലം, ശതകുപ്പ, പുത്തരിച്ചുണ്ടവേര്, വരട്ടുമഞ്ഞള്‍, കടുക്, നറുനീണ്ടി, കരിഞ്ചീരകം, ഏലയ്ക്ക, ഗ്രാമ്പു തുടങ്ങിയ ഔഷധങ്ങളാണ് കഞ്ഞിക്കൂട്ടിലുള്ളത്.ഭേഷജം ബോര്‍ഡ് മെമ്പര്‍ ഡോ. അനില്‍കുമാര്‍, ഭേഷജം സെക്രട്ടറി വിജയകുമാര്‍, മെഡിക്കല്‍ വിദഗ്ധന്‍ ഡോക്ടര്‍ ജഗത്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1805/2021)
- Log in to post comments