നൂറ് ദിന കർമ്മ പദ്ധതി കോവിഡ് പ്രതിരോധ സാമഗ്രികളുടെ നിർമ്മാണ യൂണിറ്റ് കോതമംഗലത്ത്
കാക്കനാട്: സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ സഹകരണ സംഘങ്ങൾക്കുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ നിർമ്മാണ യൂണിറ്റ് കോതമംഗലത്ത് ആരംഭിക്കും. സംസ്ഥാനത്താകെ 10 യൂണിറ്റുകളാണ് ആരംഭിക്കുന്നത്.
കോതമംഗലം വനിതാ സർവ്വീസ് സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചു ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുന്നത്. നാല്പത് ശതമാനം ഓഹരിയായും 60 ശതമാനം സബ്സിഡിയായും നൽകും. സംഘത്തിൻ്റെ ഓഫീസ് കെട്ടിടത്തിൽ തന്നെ നിർമ്മാണ യൂണിറ്റുകൾക്കും സ്റ്റോറേജിനും ആവശ്യമായ സൗകര്യം കണ്ടെത്തിയിട്ടുണ്ട്. ഗുണമേന്മയുള്ള ഉപ്പന്നങ്ങൾ ലാഭകരമായി നിർമ്മിച്ച് മറ്റു കമ്പനികളേക്കാൾ വില കുറവിൽ
വില്പന നടത്തുകയാണ് ലക്ഷ്യം. വിവിധ നിലവാരത്തിലുള്ള ത്രീ ലെയർ സിംഗിൾ യൂസ് ഫേസ് മാസ്ക്, റീയൂസബിൾ മാസ്ക് മുതലായവയുടെ അസംസ്കൃത വസ്തുക്കൾ മൊത്തമായി വാങ്ങി സംഘത്തിൻ്റെ സ്റ്റിച്ചിങ്ങ് യൂണിറ്റിൽ അംഗങ്ങളെ കൊണ്ട് നിർമ്മിക്കും. ഹാൻഡ് സാനിറ്റൈസർ നിർമ്മിക്കുന്ന കമ്പനികളിൽ നിന്ന് മൊത്തമായി വാങ്ങി ആകർഷകമായ വിവിധ വലിപ്പമുള്ള കുപ്പികളിൽ നിറച്ച് സംഘത്തിൻ്റെ ലേബലിൽ ചില്ലറ വിൽപന നടത്തുന്നതിനുമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. 28 ആളുകൾക്ക് പ്രത്യക്ഷമായി തൊഴിൽ ലഭിക്കുന്ന പദ്ധതിയാണിത്. കോവിഡിനു ശേഷം മറ്റു സ്റ്റിച്ചിങ്ങ് മേഖലയിലേക്ക് സംഘത്തിൻ്റെ പ്രവർത്തനം മാറ്റും. പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ അടുത്ത ആഴ്ചയോടെ പൂർത്തീകരിക്കുമെന്ന് കോതമംഗലം വനിതാ സർവീസ് സഹകരണ സംഘം സെക്രട്ടറി അറിയിച്ചു.
- Log in to post comments