കർഷകർക്ക് പരിശീലനം നൽകി
എറണാകുളം: ആരോഗ്യം മണ്ണിനും മനുഷ്യനും എന്ന വിഷയത്തിൽ അഗ്രി ജേർണലിസ്റ്റ് ഷബിൽ കൃഷ്ണൻ കോട്ടുവള്ളിയിലെ കർഷകർക്ക് പരിശീലനം നൽകി.പോഷണം മണ്ണിൽ നിന്നു തുടങ്ങണം എന്ന ചിന്തയുടെ ഭാഗമായി വൃക്ഷങ്ങളിൽ നിന്നും കിട്ടുന്ന ഉണങ്ങിയ ഇലകൾ ശേഖരിച്ച്, നാടൻ പശുവിൻ്റെ ചാണകവും ഗോമൂത്രവും ശർക്കരയും ചേർത്തു തയാറാക്കിയ മിശ്രിതത്തിൽ മുക്കിവെച്ച ശേഷം, കൃഷിയിടത്തിലെ ജൈവാംശമുള്ള മണ്ണുമായി ചേർത്ത് മൂന്നര മാസത്തോളം സൂക്ഷിക്കുമ്പോൾ കരിയിലകൾ മണ്ണിൽ അഴുകിച്ചേർന്ന് അമൃത് മിട്ടിയായി രൂപപ്പെടുന്നു. അമൃത് മിട്ടി ഉപയോഗിച്ചാൽ ചെടികൾക്ക് രോഗ പ്രതിരോധശേഷിയും ഉൽപ്പാദനക്ഷമതയും കൂടാൻ അത് സഹായകമാകും.
ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനു കീഴിലെ കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോമിലെ തളിർ ഗ്രൂപ്പിൻ്റെ നേതൃത്വത്തിലാണ് അമൃത് മിട്ടി നിർമ്മാണവും കർഷകർക്ക് പരിശീലനവും നൽകിയത്. മണ്ണിലെ കാർബണിൻ്റെ അളവ് കൂട്ടി, മണ്ണിൻ്റെ ഘടനയിൽ മാറ്റം വരുത്തി, മണ്ണ് നിരീക്ഷിച്ച്, ജീവജാലങ്ങളുടെയും ജീവൻ്റെ നിലനിൽപ്പിന് കോട്ടം വരാത്ത രീതിയിൽ മണ്ണ് നന്നാക്കി പാരിസ്ഥിതിക കൃഷിയിലൂടെ മനുഷ്യൻ്റെ ആരോഗ്യവും ആയുസും തിരിച്ചുപിടിക്കുക എന്നതാണ് ലക്ഷ്യം.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജ വിജു, പഞ്ചായത്തംഗം സുമയ ടീച്ചർ, സെൻ്റ് ജോസഫ് ബോയിസ് ഹോം ഡയറക്ടർ സംഗീത് ജോസഫ് , കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റെയ്ഹാന, കാർഷിക വികസന സമിതി അംഗം എൻ.എസ് മനോജ്, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, ക്രോപ് റിസോഴ്സ് പേഴ്സൺമാരായ സന്ധ്യ, സ്മീവി, കർഷകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments