കണ്ണൂര്‍ അറിയിപ്പുകള്‍ 30-07-2021
മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം മാറ്റിവെച്ചു
സംസ്ഥാനത്തെ ആയുര്‍വേദം, ഹോമിയോ, ദന്തല്‍, പാരമ്പര്യ ചികിത്സ, സിദ്ധ, യൂനാനി, മര്‍മ്മ വിഭാഗങ്ങള്‍, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ലബോര്‍ട്ടറികള്‍, ബ്ലഡ് ബാങ്കുകള്‍, കാത്ത് ലാബുകള്‍ തുടങ്ങിയ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി മിനിമം വേതന ഉപദേശക സമിതിയുടെ ഉപസമിതി ചൊവ്വാഴ്ച നടത്താനിരുന്ന തെളിവെടുപ്പ് യോഗം മാറ്റിവെച്ചു. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ക്കായി നടത്താനിരുന്ന തെളിവെടുപ്പ് യോഗമാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഈസ് ഓഫ് ലിവിംഗ് സര്‍വ്വെ ജില്ലയില്‍ പൂര്‍ത്തിയായി
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം രാജ്യ വ്യാപകമായി നടത്തിയ ഈസ് ഓഫ് ലിവിംഗ് സര്‍വ്വെ ജില്ലയില്‍ പൂര്‍ത്തിയായി. ഗ്രാമ വികസനം, സാമ്പത്തിക സ്ഥിതി വിവരക്കണക്ക്, പഞ്ചായത്ത്, സാമൂഹ്യ നീതി തുടങ്ങിയ വകുപ്പുകളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് ജൂലൈ അഞ്ചിന് സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രൊജക്ട് ഡയറക്ടറുടെയും സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നേതൃത്വത്തില്‍ ബിഡിഒമാര്‍, വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വസ്റ്റിഗേറ്റര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആര്‍ ആര്‍ ടി, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെയാണ് സര്‍വ്വെ പൂര്‍ത്തീകരിച്ചത്. 3566 എന്യൂമറേഷന്‍ ബ്ലോക്കുകളിലായി 62685 കുടുംബങ്ങളെയാണ് സര്‍വ്വെ ചെയ്തത്.
സെലക്ഷന്‍ ട്രയല്‍ മാറ്റി
കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ആഗസ്ത് മൂന്നിന് നടത്താനിരുന്ന വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ മാറ്റിവച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സ്റ്റാര്‍ട്ടപ്പ് വായ്പ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒബിസി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നതിന് വായ്പാ നല്‍കുന്നു. 20 ലക്ഷം രൂപ വരെയാണ് വായ്പയായി അനുവദിക്കുക. മൂന്ന് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അഞ്ചു ലക്ഷം രൂപ വരെ ആറു ശതമാനം പലിശ നിരക്കിലും അതിനു മുകളില്‍ 10 ലക്ഷം രൂപ വരെ ഏഴു ശതമാനം പലിശ നിരക്കിലും 10 ലക്ഷം രൂപക്ക് മുകളില്‍ എട്ട് ശതമാനം പലിശ നിരക്കിലും വായ്പ അനുവദിക്കും. തിരിച്ചടവ് കാലയളവ് ഏഴ് വര്‍ഷം. അപേക്ഷകര്‍ ( എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിടെക്, ബിഎച്ച്എംഎസ്, ബിആര്‍ക്ക്, വെറ്ററിനറി സയന്‍സ്, ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍, ബി ഫാം, ബയോടെക്‌നോളജി, ബിസിഎ, എല്‍എല്‍ബി, എംബിഎ, ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി) പൂര്‍ത്തീകരിച്ചവരാകണം. പ്രായപരിധി 40 വയസ്സ്.
പദ്ധതി പ്രകാരം മെഡിക്കല്‍/ആയുര്‍വേദ/ ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്ക്, വെറ്ററിനറി ക്ലിനിക്ക്, സിവില്‍ എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ചര്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റവെയര്‍ ഡവലപ്‌മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്‌നസ് സെന്റര്‍, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യൂകള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഞ്ചിനിയറിംഗ് വര്‍ക്ക്‌ഷോപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. അടങ്കലിന്റെ 95 ശതമാനം വരെയാണ് വായ്പ അനുവദിക്കുക. വായ്പാ തുകയുടെ 20 ശതമാനം( പരമാവധി രണ്ടു ലക്ഷം രൂപ) പിന്നോക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. താല്‍പര്യമുളളവര്‍ കോര്‍പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksbcdc.com സന്ദര്‍ശിക്കുക.
അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2021-22 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. നിശ്ചിത രീതിയിലുള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ ഓഫീസുകള്‍ വഴി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി ആഗസ്ത് മൂന്ന്. ഫോണ്‍:0497 2705149.
പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി, പി ജി പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രതേ്യക പ്രോത്സാഹന ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലോ ആഗസ്ത് 16 നകം സമര്‍പ്പിക്കണം. ഫോണ്‍: 9496070386, 9496070387, 9496070388, 9496070401, 9496070393, 0497 2700357.
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്പ്്‌മെന്റ് (സിഎഫ്ആര്‍ഡി) ന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി(സിഎഫ്ടികെ) നടത്തുന്ന ബിഎസ്‌സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് പ്ലസ്ടു പാസ്സായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും www.supplycokerala.com സന്ദര്‍ശിക്കുക.
ഇ-ഹെല്‍ത്തില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സ്റ്റാഫ് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയില്‍ താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിപ്ലോമ/ബിഎസ്സ്സി/എംഎസ്സ്സി/ബിടെക്/എംസിഎ (ഇലക്ടോണിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ് /ഐ.ടി ). ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ,പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ
ehealthprojectkannur@gmail.com എന്ന മെയില്‍ ഐഡിയില്‍ 2021 ഓഗസ്റ്റ് എട്ടിനകം നല്‍കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 9745799948.
ഓഫീസ് കെട്ടിടം മാറുന്നു
കേരള ബീഡി-ചുരുട്ട് തൊഴിലാഴി ക്ഷേമനിധി ബോര്‍ഡ് ഓഫീസ് ആഗസ്ത് അഞ്ച് മുതല്‍ കണ്ണൂര്‍ എ കെ ജി ആശുപത്രിയുടെ പിറകിലുളള കെട്ടിടത്തില്‍ നിന്നും താണ കരുവള്ളികാവ് റോഡിലുള്ള ആദില്‍ ആര്‍ക്കേഡ് എന്ന കെട്ടിടത്തിലേക്ക്് മാറുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ തളിപ്പറമ്പ നോളജ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്‌ജെറ്റ് ടെക്‌നോളജി, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി എന്നിവയിലേക്കും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ ആന്റ് ഓഡിയോ എഡിറ്റിംഗ്, റ്റു ഡി, ത്രീഡി ആനിമേഷന്‍, വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റ എന്‍ട്രി കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. ഫോണ്‍: 0460 2205474.
സ്വാതന്ത്ര്യ ദിനാഘോഷം; യോഗം 2ന്
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗം ആഗസ്ത് രണ്ടിന് ഉച്ചക്ക്‌ശേഷം 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ഒളിമ്പിക്‌സ് മെഡല്‍ ജേതാവ്
മീരാഭായ് ചാനുവിന് അഭിനന്ദനങ്ങള്‍ അറിയിക്കാം
ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ മീരാഭായ് ചാനുവിന് അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ തപാല്‍ വകുപ്പ് അവസരമൊരുക്കുന്നു. ഇ പോസ്റ്റ് വഴി അയക്കുന്ന ഒരു സന്ദേശത്തിന് 10 രൂപയാണ് നിരക്ക്. മീരാഭായ് ചാനു, ലാംലോങ് പി ഒ, ഇംഫാല്‍ ഈസ്റ്റ്, മണിപ്പൂര്‍ 795010 എന്ന വിലാസത്തില്‍ സന്ദേശങ്ങള്‍ അയക്കാം. എല്ലാ പോസ്റ്റ് ഓഫീസുകളിലും സൗകര്യം ലഭിക്കും. ഫോണ്‍: 9074478488
- Log in to post comments