Skip to main content

സംയുക്ത പരിശോധനകള്‍ നടത്തും -ജില്ലാ കലക്ടര്‍

ഓണത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ സംയുക്ത പരിശോധനകളും നിരീക്ഷണവും വ്യാപകമായി നടത്തുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ലഹരി വസ്തുക്കളുടെ വിപണനം, ഉപയോഗം എന്നിവ തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് അറിയിപ്പ്.
കോവിഡ് മാനദണ്ഡ പാലനം ഉറപ്പാക്കും വിധമായിരിക്കും പ്രവര്‍ത്തനം. മദ്യം-മയക്കുമരുന്ന്  വ്യാപനം തടയും.   ക്രമസമാധാന ജാഗ്രത, ഭക്ഷ്യസുരക്ഷയും തൂക്കവും ഉറപ്പാക്കല്‍, വാഹന പരിശോധന എന്നിവ വര്‍ധിപ്പിക്കും. ദൃശ്യ-ശ്രവ്യ-സമൂഹ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും നിര്‍ദ്ദേശം നല്‍കി. ബീച്ചുകള്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കി രോഗവ്യാപനത്തിന് ഉള്ള സാഹചര്യം ഇല്ലാതാക്കാനാവും. അമിതവില ഇടാക്കല്‍, ഗുണനിലവാരക്കുറവ്, പൂഴ്ത്തിവെയ്പ്പ് ഉള്‍പ്പെടെയുള്ള  പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സൂപ്പര്‍മാര്‍ക്കറ്റുകളിലും ആരാധനാലയങ്ങളിലും കോവിഡ് മാനദണ്ഡപാലനം സംബന്ധിച്ച് നോട്ടീസ് നല്‍കും. ഗതാഗത നിയന്ത്രണത്തിന് കൂടുതല്‍ സേനാംഗങ്ങളെ വിന്യസിക്കും. വ്യാജമദ്യ വില്പനയും നിരോധിത പുകയില ഉല്‍പ്പനങ്ങളുടെ വിതരണവും തടയാന്‍ രാത്രികാല സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍  ഊര്‍ജ്ജിതമാക്കും-കലക്ടര്‍ വ്യക്തമാക്കി.
സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ.ഡി.എം. എന്‍. സജിതാ ബീഗം, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1981/2021)
 

date