Skip to main content

മലബാറിന്റെ സ്വന്തം സാനിറ്റൈസര്‍ ഡയോണ്‍ വിപണിയിലേക്ക്

മലബാറിലെ പൊതുമേഖലയിലെ ആദ്യ സാനിറ്റൈസര്‍ വിപണിയിലെത്തുന്നു. കേരള ക്ലെയ്സ് ആന്റ് സെറാമിക്സ് പ്രൊഡക്ട് ലിമിറ്റഡാണ് ഡയോണ്‍ സാനിറ്റൈസറുകള്‍ വിപണിയിലെത്തിക്കുന്നത്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഡയോണിന്റെ  നിര്‍മ്മാണം. കെ പി സി സി എല്‍ കണ്ണപുരം യൂണിറ്റിലാണ് സാനിറ്റൈസറുകള്‍ നിര്‍മിക്കുന്നത്. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണ് സംരംഭത്തിന്റെ ഉദ്ഘാടനം നടന്നത്.

ഡയോണ്‍ ക്ലിയര്‍, ഡയോണ്‍ പ്ലസ് എന്നീ രണ്ട് തരം സാനിറ്റൈസറുകളാണ് ഇവിടെ നിര്‍മിക്കുന്നത്. 75% ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോളും (ഐപിഎ) ഹൈഡ്രജന്‍ പെറോക്സൈഡ്, ഗ്ലിസറിന്‍, ഡിസ്റ്റില്‍ഡ് വാട്ടര്‍ എന്നിവയും അടങ്ങിയതാണ് ഡയോണ്‍ ക്ലിയര്‍ സാനിറ്റൈസര്‍. 80 % ഈഥൈല്‍ ആല്‍ക്കഹോള്‍ (സ്പിരിറ്റ്), ഗ്ലിസറിന്‍, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവയടങ്ങുന്നതാണ് ഡയോണ്‍ പ്ലസ്. എഴുപത്തഞ്ച് ശതമാനമെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്.
ലാവന്റര്‍ മണമുള്ള ഡയോണ്‍ സാനിറ്റൈസറുകള്‍ പച്ച, പിങ്ക് നിറങ്ങളില്‍ ലഭ്യമാകും.

500 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിലാണ് സാനിറ്റൈസര്‍ നിര്‍മിക്കുന്നത്. ദിവസം അയ്യായിരം ലിറ്റര്‍ വരെ ഉല്‍പാദിപ്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് കെസിസിപിഎല്‍ മാനുഫാക്ചര്‍ കെമിസ്റ്റ് പി കെ നാരായണന്‍ പറയുന്നു. മാര്‍ക്കറ്റിനുസരിച്ച് പതിനായിരം ലിറ്ററിലേക്ക് ഉയര്‍ത്തും. സെമി ഓട്ടോമാറ്റിക് സംവിധാനത്തിലാണ് ഇപ്പോള്‍ സാനിറ്റൈസര്‍ നിര്‍മാണം.  ഉല്‍പാദനം വര്‍ധിക്കുന്നതിനനുസരിച്ച് ഫുള്‍ ഓട്ടോമാറ്റിക് നിര്‍മാണത്തിലേക്ക് കടക്കും.

ആദ്യഘട്ടത്തില്‍ ജില്ലയിലെ സര്‍ക്കാര്‍, സഹകരണ ആശുപത്രികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് ഡയോണ്‍ സാനിറ്റൈസര്‍ നല്‍കുക. രണ്ടാം ഘട്ടത്തില്‍ കണ്‍സ്യൂമര്‍ ഫെഡ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുകള്‍ക്കും, മൂന്നാം ഘട്ടത്തില്‍ പൊതു വിപണിയിലേക്കും എത്തിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ അറിയിച്ചു. പൊതുവിപണിയില്‍ മിതമായ നിരക്കിലാണ് ഡയോണ്‍ ലിതരണം ചെയ്യുക. അടുത്ത ഘട്ടത്തില്‍  ലിക്വിഡ് സോപ്പ്, ഹാന്‍ഡ് വാഷ് എന്നിവയും നിര്‍മിക്കും.  വ്യവസായവകുപ്പിന്റെ പൂര്‍ണ പിന്തുണയോടെയാണ് സംരംഭം നടപ്പാക്കുന്നത്. വൈവിദ്ധ്യവല്‍ക്കരണത്തിന്റെ ഭാഗമായി നിരവധി നൂതന സംരംഭങ്ങള്‍ക്ക് കെ സി സി പി എല്‍ തുടക്കമിട്ടിട്ടുണ്ട്.
 

date