ജനകീയാസൂത്രണത്തിന്റെ രജതജൂബിലിക്ക് ഒരുങ്ങി ജില്ലയും
ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലും വിപുല ഒരുക്കം. പുതുതായി തെരഞ്ഞെടുത്ത ആസൂത്രണ സമിതി അംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നത്. ഓരോ തദ്ദേശ ഭരണസ്ഥാപനവും 1996 മുതല്‍ പിന്നിട്ട ജനകീയാസൂത്രണ വഴികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ച് എല്ലാകാലവും ഓര്‍മ്മിക്കാവുന്ന അടയാളപ്പെടുത്തല്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ആസൂത്രണസമിതി നൂതന പദ്ധതികള്‍ നടപ്പിലാക്കണമെന്ന് മെബര്‍ സെക്രട്ടറിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഓര്‍മിപ്പിച്ചു. സജീവ ചര്‍ച്ചകളും ഫലപ്രദമായ ഇടപെടലുകളുമാണ് ആസൂത്രണ സമിതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ശൂരനാട് സൗത്ത്, ശാസ്താംകോട്ട എന്നീ പഞ്ചായത്തുകളെ മികച്ച പഞ്ചായത്തുകളായി തെരഞ്ഞെടുത്തതായും സംസ്ഥാനത്തെ മികച്ച സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെ. പ്രസാദ് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളുടെയും 14-ാം പഞ്ചവത്സര പദ്ധതി രൂപീകരണ നടപടികള്‍ രജതജൂബിലി ദിനത്തില്‍ തന്നെ ആരംഭിക്കണമെന്നും ആസൂത്രണസമിതിയും വര്‍ക്കിംഗ് ഗ്രൂപ്പുകളും പുന:സംഘടിപ്പിക്കണമെന്നും സര്‍ക്കാര്‍ നോമിനിയായ എം. വിശ്വനാഥന് അറിയിച്ചു. പ്രാദേശികതല ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും, ജനകീയാസൂത്രണം ആരംഭിച്ചതുമുതലുള്ള എല്ലാ അദ്ധ്യക്ഷന്മാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് പരിപാടികള്‍ സംഘടിപ്പിക്കാനും ആദരിക്കാനും യോഗം നിര്‍ദ്ദേശിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ ആഘോഷത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് പദ്ധതികള്‍ പുതുക്കി ഓഗസ്റ്റ് 27നകം അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ജെ. ആമിന അറിയിച്ചു. രജതജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 17 ന് വൈകുന്നേരം 4.30 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. തദ്ദേശഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ അധ്യക്ഷനാകും. മുന്‍ മുഖ്യമന്ത്രിമാരും തദ്ദേശസ്വയം ഭരണവകുപ്പ് മുന്മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ആസൂത്രണബോര്‍ഡ് അംഗങ്ങളും പങ്കെടുക്കും. സംസ്ഥാനത്തെ കലാ-സാഹിത്യ-സാംസ്കാരിക-മാധ്യമ മേഖലകളിലുള്ള പ്രമുഖരുടെ സാന്നിദ്ധ്യവുമുണ്ടാകും.
(പി.ആര്.കെ നമ്പര്‍.2006/2021)
- Log in to post comments