Skip to main content

ബോധവത്കരണത്തിന് വിപുല സംവിധാനങ്ങള്‍; കോവിഡ് പ്രതിരോധം കാര്യക്ഷമം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ബോധവത്കരണത്തിന് പുനലൂര്‍ നഗരസഭയില്‍ പബ്ലിക്ക് അവേര്‍നസ് സംവിധാനം തുടങ്ങി. പുനലൂര്‍ വെട്ടിപ്പുഴ ജംഗഷനില്‍ തുടങ്ങി, പോസ്റ്റോഫീസ് ജംഗ്ഷന്‍, മാര്‍ക്കറ്റ്, കെ.എസ.്ആര്‍. ടിസി-ടി.ബി ജംഗ്ഷനുകളിലേക്ക് വ്യാപിക്കുന്ന പബ്ലിക്ക് അഡ്രസിംഗ് വഴി അറിയിപ്പുകളും നല്‍കുന്നു. ഗതാഗതക്രമീകരണം, പാര്‍ക്കിംഗ് ഇടങ്ങള്‍ തുടങ്ങിയ അവശ്യ വിവരങ്ങളാണ് മൈക്കിലൂടെ അറിയിക്കുന്നത്.  നഗരസഭയും പോലീസും ചേര്‍ന്നാണ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്മി ഏബ്രഹാം പറഞ്ഞു.
ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഗൃഹവാസപരിചരണ കേന്ദ്രത്തില്‍ ആറുപേര്‍ ചികിത്സയിലുണ്ട്. 115 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രികളിലും. 13744 കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എം. ഷീലയുടെ നേതൃത്വത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സഹായകേന്ദ്രം, വാര്‍ റൂം, കണ്‍ട്രോള്‍ റൂം എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. ആകെ 12204 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. വരുംദിവസങ്ങളില്‍ 60 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സെക്രട്ടറി എം. സ്റ്റീഫന്‍ പറഞ്ഞു.
ആര്യങ്കാവ് പഞ്ചായത്ത് നിലവില്‍ എ കാറ്റഗറിയിലാണ്. 13 വാര്‍ഡുകളിലും ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തിവരുന്നുണ്ട്. മുഴുവന്‍ വാര്‍ഡുകളിലും ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലും ഹോമിയോ, ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും പ്രസിഡന്റ് സുജ തോമസ് പറഞ്ഞു. ശാസ്താംകോട്ട പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആര്‍. ടി. പി. സി. ആര്‍. ടെസ്റ്റ് നടത്തുന്നുണ്ട്. പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. കോവിഡ് അവലോകന യോഗങ്ങളും ചേരുന്നു.
കൊട്ടാരക്കര ബ്ലോക്ക് പരിധിയിലെ വെളിയം, പൂയപ്പള്ളി, കരീപ്ര, എഴുകോണ്‍, നെടുവത്തൂര്‍ പഞ്ചായത്തുകളില്‍ ആന്റിജന്‍, ആര്‍. ടി. പി. സി ആര്‍. പരിശോധനകള്‍ വ്യാപിപ്പിച്ചു. ആര്‍. ആര്‍. ടി കളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ എത്തി വാക്‌സിന്‍ നല്‍കി വരുന്നു. കോളനികള്‍, കശുവണ്ടി ഫാക്ടറികള്‍ എന്നിവ കേന്ദ്രീകരിച്ചു പരിശോധന വര്‍ധിപ്പിച്ചു. മാനദണ്ഡലംഘനങ്ങള്‍ തടയുന്നതിന് നിരീക്ഷണവും സുശക്തം. മുഖത്തല ബ്ലോക്കിലെ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടി. പി. ആര്‍. നിരക്ക് നിയന്ത്രണത്തിലേക്ക് എത്തിക്കുയാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ലക്ഷ്യം. 70 ശതമാനത്തോളം പേര്‍ക്ക് വാക്സിന്‍ നല്‍കി കഴിഞ്ഞു എന്ന് പ്രസിഡന്റ് എല്‍. ജലജകുമാരി പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍.2030/2021)
 

date