പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയം ഗുണമേന്മയുള്ള സേവന സംവിധാനത്തിന്റെ മാതൃക: മന്ത്രി എം.വി ഗോവിന്ദന്
പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയം ഐഎസ്ഒ
9001: 2015 അംഗീകാരം നേടിയതിന്റെ പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു
ഭൗതിക സാഹചര്യങ്ങക്കൊപ്പം ഗുണമേന്മയുള്ള സേവന സംവിധാനത്തിന്റെ മാതൃക സൃഷ്ടിക്കുകയാണ് പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയം സേവനപ്രദാന ഗുണമേന്മയുടെ അന്താരാഷ്ട്ര നിലവാര സൂചകമായ ഐഎസ്ഒ 9001: 2015 അംഗീകാരം നേടിയതിന്റെ പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ നയങ്ങള്‍ പ്രതിബദ്ധതയോടെ ഏറ്റെടുത്ത് ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മികവുറ്റ സേവനം അഴിമതിരഹിതവും സമയബന്ധിതമായും പൊതുജനങ്ങള്‍ക്ക് നല്കി ഒരു മാതൃകാ സ്ഥാപനമാകുകയാണ് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയം. കോവിഡ് മഹാമാരിക്കാലത്തും പ്രതിസന്ധികളെ അതിജീവിച്ച് നിലവിലുള്ള ദൗതിക അടിസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത് ഓഫീസിനെ മാറ്റിയെടുത്തത് പ്രശംസനീയമാണ്. മനുഷ്യവിഭവവും ഭൗതിക സൗകര്യങ്ങളും പ്രവര്ത്തനോന്മുഖമായ അന്തരീക്ഷവും സമന്വയിപ്പിച്ച മികവിന്റെ അംഗീകാരമാണിതെന്നും മന്ത്രി പറഞ്ഞു.
വാതില്‍പ്പടി സേവനത്തില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട
എല്ലാ സൗകര്യങ്ങളും ഒരുക്കും: മന്ത്രി വീണാ ജോര്‍ജ്
വാതില്‍പ്പടി സേവനത്തില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൗരാവകാശ രേഖ ഓണ്‍ലൈനായി പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വാതില്‍പ്പടി സേവനം സാധാരണ ജനങ്ങള്‍ക്കു വേണ്ടിയുള്ള വലിയ മാറ്റത്തിന് ഉദാഹരണമാണ്. കേരളത്തിലുടനീളം തദ്ദേശവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനകീയ മാറ്റമുണ്ടാകുന്ന കാലമാണിത്. സര്‍ക്കാര്‍ ഓഫീസുകള്‍ ജനസൗഹൃദമാക്കുന്നതിന്റെ ഒരു പടവാണ് പത്തനംതിട്ട ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയം ഇന്ന് പിന്നിട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് സേവനങ്ങള്‍ എത്തിക്കുവാന്‍ എല്ലാവരും ഒന്നിച്ച്
പ്രവര്‍ത്തിക്കണം: ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
ജനങ്ങള്‍ക്ക് സേവനങ്ങള്‍ എത്തിക്കുവാന്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ ഡയറക്ടറി ഓണ്‍ലൈനായി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് മികച്ച സേവനമെത്തിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. ഏതൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എന്തൊക്കെ സേവനങ്ങള്‍ ലഭ്യമാകുന്നു എന്ന് ജനങ്ങളെ അറിയിക്കുവാന്‍ കഴിയുന്ന തരത്തിലാണ് ജില്ലാ ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഓഫീസ് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചും പൊതുജനങ്ങള്‍ക്ക് നല്കുന്ന സേവനപ്രദാന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയുമാണ് പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയം ഐഎസ്ഒ 9001: 2015 നിലവാരം കൈവരിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്.സുമേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.എസ്.മോഹനന്, കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments