Skip to main content

ജനകീയാസൂത്രണ രജത ജൂബിലി; ജില്ലാ പഞ്ചായത്ത് മുന്‍കാല സാരഥികളെ ആദരിക്കും

കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുന്‍കാല ഭരണസമിതി അധ്യക്ഷന്മാരെയും അംഗങ്ങളെയും ആദരിക്കും. ആഗസ്ത് 17 ന് നടക്കുന്ന സംസ്ഥാനതല പരിപാടിയോടനുബന്ധിച്ചാണ് ആദരം സംഘടിപ്പിക്കുന്നത്. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചായിരിക്കും പരിപാടികള്‍.

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷക്കാലം 11 ഇന പരിപാടികളാണ് ജില്ലാപഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുള്ളത്. ജില്ലയിലെ മുഴുവന്‍ ട്രൈബല്‍ കോളനികളിലും കണക്ടിവിറ്റി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പു വരുത്തും. ജില്ലാ പഞ്ചായത്തിന്റെ എല്ലാ ഡിവിഷനുകളിലും നിര്‍മിക്കുന്ന അങ്കണവാടി, ഹാളുകള്‍ തുടങ്ങിയവയെ രജത ജൂബിലി സ്മാരകങ്ങളാക്കും. ജില്ലാ പഞ്ചായത്തിന്റെ ഇതുവരെയുള്ള എല്ലാ വാര്‍ഷിക, പഞ്ചവത്സര പദ്ധതി രേഖകള്‍, പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, ജില്ലാ പഞ്ചായത്ത് കേരളത്തിന് നല്‍കിയിട്ടുള്ള സംഭാവനകളുടെ വിവരങ്ങള്‍, അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കും. നടപ്പാക്കിയ പദ്ധതികളുടെ പ്രവര്‍ത്തനാനുഭവം പങ്കിടാനുള്ള ശില്പശാലകള്‍, എക്സിബിഷനുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.

ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ആഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, എം പിമാര്‍, എംഎല്‍എമാര്‍, പ്രഥമ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ശ്രീമതി ടീച്ചര്‍ എന്നിവരാണ് രക്ഷാധികാരികള്‍. ജനറല്‍ കമ്മിറ്റിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ചെയര്‍പേഴ്സണും, സെക്രട്ടറി വി ചന്ദ്രന്‍ ജനറല്‍ കണ്‍വീനറുമാണ്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ വികസന കമ്മീഷണര്‍ സ്നേഹില്‍കുമാര്‍ സിംഗ്, ജില്ലാ പൊലീസ് മേധാവി(സിറ്റി) ആര്‍ ഇളങ്കോ, ജില്ലാ പൊലീസ് മേധാവി(റൂറല്‍) ഡോ നവനീത് ശര്‍മ്മ, വിവിധ വകുപ്പ് തലവന്മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരാണ് സംഘാടക സമിതി ജനറല്‍ കമ്മിറ്റിയിലുളളത്.

സംഘാടക സമിതി രൂപീകരണ യോഗം രാമചന്ദ്രന്‍ കടന്നപ്പള്ളി  എംഎല്‍എ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍,ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, അംഗങ്ങളായ ഇ വിജയന്‍ മാസ്റ്റര്‍, തോമസ് വക്കത്താനം, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി കെ വി ഗോവിന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി എം കൃഷ്ണന്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, അംഗങ്ങള്‍, വിവിധ വകുപ്പു തലവന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date