പെരിന്തല്‍മണ്ണയില്‍ ആധുനിക മാംസ സംസ്കരണ പ്ലാന്റ്: കിഫ്ബി 11 കോടി അനുവദിച്ചു.
പെരിന്തല്‍മണ്ണയില്‍ നഗരസഭ സ്ഥാപിക്കുന്ന ആധുനിക മാംസ സംസ്കരണ പ്ലാന്റിന് കിഫ്ബിയില്‍ നിന്നു 11 കോടി രൂപ അനുവദിച്ചു. നഗരസഭ തയാറാക്കി സമര്‍പ്പിച്ച ഡി പി ആര് പ്രകാരമാണ് തുക അനുവദിച്ചത്. ജൂണ്‍ രണ്ടിന് ചേര്‍ന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കിയത്. ടെണ്ടര്‍ നടപടികള്‍ ഈ മാസം തന്നെ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും.
നഗരസഭയിലെ സമഗ്ര പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ജീവനം പദ്ധതിയുടെ ഭാഗമായി, നഗരസഭ രജത ജൂബിലി മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മാംസ സംസ്കരണ പ്ലാന്റിന് ഡി പി ആര് തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചത്. മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ മുന്‍ എം.ഡി ഡോ. പി.വി മോഹനനാണ് ഡി.പി.ആര് തയ്യാറാക്കിയത്.
ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ഹലാല്‍ രീതിയില്‍ മൃഗങ്ങളെ കശാപ്പുചെയ്ത് ശാസ്ത്രീയമായി മാംസമാക്കി മാറ്റുന്നതാണ് പ്ലാന്റ് പ്രവര്‍ത്തനം. മലിനജല സംസ്ക്കരണത്തിനായി പ്രതിദിനം 60000 ലിറ്റര്‍ വെളളം വരെ ശുചീകരിക്കാവുന്ന ഇടിപി, മാംസാവശിഷ്ടവും എല്ലും പൊടിച്ച് പൊടിയാക്കുന്ന റെന്റിംഗ് പ്ലാന്റ് എന്നിവ മാലിന്യം തെല്ലും അവശേഷിക്കാത്ത രീതിയിലുള്ള പ്ലാന്റ് പ്രവര്‍ത്തനത്തിന് സഹായിക്കും.
പ്രതിദിനം 100 മുതല്‍ 200 വരെ വലിയ മൃഗങ്ങളെയും 50 മുതല്‍ 100 വരെ ചെറിയ മൃഗങ്ങളെയും അറവിനു വിധേയമാക്കാനാവശ്യമായ സംവിധാനങ്ങള്‍ പ്ലാന്റിലുണ്ട്. മലിനീകരണ നിയന്ത്രണബോര്‍ഡ്, ടൗണ്‍ പ്ലാനിംഗ്, ബോയിലര്‍ ആന്റ് ഫാക്ടറിസ്, ഫയര്‍ ആന്റ് റെസ്ക്യൂ, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയുടെ അനുമതിയോടെയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. പ്ലാന്റ് സ്ഥാപിതമാകുന്നതോടെ പരിസര ശുചിത്വത്തിന് എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയ നഗരമായി പെരിന്തല്‍മണ്ണ മാറും.
- Log in to post comments