കെ ടി ഡി സി പായസമേള തുടങ്ങി
ഓണത്തിനോടനുബന്ധിച്ച് കെ ടി ഡി സി ആരംഭിക്കുന്ന പായസമേളയുടെ ഉദ്ഘാടനം ലൂംലാന്‍ഡ് ഹോട്ടലില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
കേരളത്തിന്റെ ടൂറിസം മേഖലയില്‍ അനന്ത സാധ്യതകളാണ് ഉള്ളതെന്നും ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു ടൂറിസ്റ്റ് കേന്ദ്രമെങ്കിലും കണ്ടെത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. അത്തരം പ്രദേശങ്ങളില്‍ കെ ടി ഡി സി പോലുള്ള സ്ഥാപനങ്ങള്‍ വളര്‍ന്നു വരാനുള്ള സാധ്യതകള്‍ ഏറെയാണ് മന്ത്രി അഭിപ്രായപ്പെട്ടു.
പാലട പ്രഥമന്‍, പരിപ്പ് പ്രഥമന്‍, അട പ്രഥമന്‍, പഴം പായസം, ആലപ്പുഴ പാല്‍പ്പായസം, സ്‌പെഷ്യല്‍ പായസങ്ങളായ കാരറ്റ്, ബീറ്റ്‌റൂട്ട്, പഴം, ചക്ക, ഉരുളക്കിഴങ്ങ് തുടങ്ങിയവ മേളയില്‍ ലഭ്യമാണ്. ലിറ്ററിന് 300 രൂപയാണ് വില. ആഗസ്ത് 21 വരെ രാവിലെ 10 മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് മേള. ലൂംലാന്‍ഡ് ഹോട്ടലിന് പുറമെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് സമീപവും പായസം കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്.
രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കെ ടി ഡി സി ബോര്‍ഡ് അംഗങ്ങളായ കൃഷ്ണകുമാര്‍, ബാബു ഗോപിനാഥ്, റീജിയണല്‍ മാനേജര്‍ എം എസ് പ്രദീപ്, ലൂംലാന്‍ഡ് മാനേജര്‍ സുര്‍ജിത് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments