Skip to main content

വാക്‌സിനേഷന് അവധി നല്‍കാതെ മലപ്പുറം ജില്ല; തിരുവോണ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയത് ജില്ലയില്‍ മുഹറം, ഉത്രാടം, തിരുവോണ ദിവസങ്ങളിലായി 85,746 ഡോസ് വാക്‌സിന്‍ നല്‍കി

കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുന്നതിനായി നടത്തിയ പ്രത്യേക മെഗാ വാക്‌സിനേഷന്‍ കാമ്പയിന് ജില്ലയില്‍ മികച്ച പ്രതികരണം. ഓണം, മുഹറം ഉള്‍പ്പടെ പൊതു അവധി ദിവസങ്ങളിലും നിരവധി വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തിച്ചത്. തിരുവോണ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയതും മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ മുഹറം ദിനത്തില്‍ 39,818 പേര്‍ക്കും, ഉത്രാടം ദിനത്തില്‍ 28,095 പേര്‍ക്കും തിരുവോണ ദിനത്തില്‍ 17,833 പേര്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. ഇതോടെ ശനിയാഴ്ച വൈകീട്ട് വരെ ജില്ലയില്‍ കോവിഡ് വാക്‌സിന്‍ ലഭിച്ചവരുടെ എണ്ണം 21,24550 ആയി.

അവധി ദിനങ്ങളില്‍ പോലും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും, ജനപ്രതിനിധികളുടെയും ഇതര വകുപ്പ് ജീവനക്കാരുടെയും, സന്നദ്ധ പ്രവര്‍ത്തകരുടെയും അകമഴിഞ്ഞ സഹായം സഹകരണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ സന്നദ്ധതയറിയിച്ച സ്വകാര്യ മേഖല, ജില്ലയില്‍ വാക്‌സിനേഷന്‍ പരിപാടിക്ക് മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്റെയും ഐ എം എ യുടെയും സഹകരണത്തോടെ ജില്ലയിലെ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് അവധി ദിവസങ്ങളില്‍ പോലും നിരവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. വരും ദിവസങ്ങളിലും പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡി എം ഒ അറിയിച്ചു.

date