കലയും സംസ്കാരവും ചുവരിൽ ചാലിച്ച് ഗുരുവായൂരിലെ ചുമർചിത്ര കലാകാരന്മാർ *മണ്ണുത്തി മാടക്കത്തറയിലെ പവർ ഗ്രിഡിന്റെ കവാടത്തിൽ കേരള കൾച്ചർ ഫെസ്റ്റിവലിലെ ദൃശ്യചാരുത*
വൈദ്യുത ഇടനാഴിയായ പവർ ഗ്രിഡ് 2000 കെവിയുടെ കവാടത്തിൽ കേരളത്തിന്റെ കലയും സംസ്കാരവും ചാലിച്ച് ഗുരുവായൂരിലെ ചുമർചിത്ര കലാകാരന്മാർ. കേരളത്തിലെ തന്നെ ആദ്യ ചുമർചിത്ര പഠന കേന്ദ്രമായ ഗുരുവായൂർ ദേവസ്വത്തിന്റെ ചുമർചിത്ര പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളായിരുന്ന ദിലീപും ഹരിഹരനും സംഘവുമാണ് മണ്ണുത്തി മാടക്കത്തറയിൽ ചായങ്ങളുടെ ദൃശ്യചാരുതയൊരുക്കിയത്.
പവർ ഗ്രിഡിന്റെ കവാടത്തിൽ 40 അടി നീളവും ഏഴടി ഉയരവുമുള്ള ഭിത്തിയിൽ റിലീഫ് പെയിന്റിങ് കഴിഞ്ഞുള്ള 30 അടി നീളത്തിലും അഞ്ചടി ഉയരത്തിലുമാണ് ചുമർ ചിത്രങ്ങൾ. ഏഴോളം ആർട്ടിസ്റ്റുകൾ രണ്ടുമാസം കൊണ്ടാണ് പെയിന്റിങ് പൂർത്തീകരിച്ചത്. കേരള കൾച്ചറൽ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട തെയ്യം, കഥകളി, തിരുവാതിര, മോഹിനിയാട്ടം, വള്ളംകളി, തൃശൂർ പൂരം തുടങ്ങി തീമുകളാണ് മ്യൂറലിൽ ചിത്രീകരിച്ചിരിക്കുന്നത്. വടക്ക് മുതൽ തെക്ക് വരെയുള്ള കേരളത്തിലെ കലകളും സംസ്കാരവും ഉൾചേർന്നുള്ള ചിത്രങ്ങളാണിവ. പവർഹൗസ് ആയതിനാൽ ചിത്രങ്ങൾക്ക് നടുവിൽ ഊർജ്ജവും പ്രകൃതിയുമായി ബന്ധപ്പെട്ട പഞ്ചഭൂത സങ്കല്പവും ആവിഷ്കരിച്ചിട്ടുണ്ട്. അതിനോടുകൂടി ജ്ഞാനദർശനം നേടുന്ന ബുദ്ധനേയും സംയോജിപ്പിച്ചു കൊണ്ടാണ് ചിത്രങ്ങൾ പൂർത്തീകരിച്ചത്.
ചുമർചിത്ര കലയിലെ കാവി ചുവപ്പ്, കാവി മഞ്ഞ, പച്ച, നീല, വെള്ള തുടങ്ങിയ നിറങ്ങൾ അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് ചുവരിൽ ഒരുക്കിയിരിക്കുന്നത്. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളായിരുന്ന ദിലീപ്, ഹരി, ശ്രീക്കുട്ടൻ, ശിവ, വിജിത്ത്, വിഷ്ണു, സുദർശൻ, മോനിഷ് എന്നിവരും അജിത്ത്, രാഹുൽ, അമൽജിത്ത് എന്നീ ആർട്ടിസ്റ്റുകളും ഉദ്യമത്തിൽ പങ്കാളികളായിരുന്നു. തീമുകളിലെ വൈവിധ്യം കൊണ്ടാണ് ഗുരുവായൂർ ചുമർചിത്ര പഠനകേന്ദ്രത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഈ ചുമർ ചിത്രങ്ങൾ ജന ശ്രദ്ധയാകർഷിക്കുന്നത്.
- Log in to post comments