Skip to main content

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം: കര്‍ഷകപ്പോരാട്ടങ്ങളുടെ ഓര്‍മ പുതുക്കി കരിവെള്ളൂര്‍

രണ്ടാം ലോകമഹായുദ്ധകാലം. നാടാകെ ഭക്ഷ്യക്ഷാമത്താല്‍ പൊറുതിമുട്ടിയ ദുരിത നാളുകള്‍. അക്കാലത്ത് പത്തായത്തില്‍ നെല്ല് പൂഴ്ത്തിവച്ച ജന്മികള്‍ക്കെതിരെ   കര്‍ഷകരും കര്‍ഷക തൊഴിലാളികളുമുള്‍പ്പെടെ നാടാകെ നടത്തിയ വിപ്ലവ പോരാട്ടങ്ങള്‍. അധികാരികളുടെ തീതുപ്പുന്ന യന്ത്രത്തോക്കുകളെ കല്ലും ചവണയും കൊണ്ട് നിര്‍ഭയം നേരിട്ട മനുഷ്യരുടെ പോരാട്ടം. കരിവെള്ളൂരെന്ന കര്‍ഷകഗ്രാമം സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതിന് കാരണമായ വീര സമരങ്ങള്‍. ആ സമരപോരാട്ടങ്ങളുടെ പൊള്ളുന്ന ഓര്‍മകളിലേക്ക് തിരികെ നടന്നു കരിവെള്ളൂരെന്ന ദേശം. 1946 ഡിസംബര്‍ 20ന് കരിവെള്ളൂരില്‍ നടന്ന കര്‍ഷക സമരത്തിന്റെ ഓര്‍മ്മകളെ ചേര്‍ത്ത് വച്ച് കരിവെള്ളൂര്‍ - പെരളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ഓര്‍മ്മ പുതുക്കല്‍..
മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടികളുടെ ഉദ്ഘാടനം മുന്‍ എം എല്‍ എ സി കൃഷ്ണന്‍ നിര്‍വഹിച്ചു. കരിവെള്ളൂര്‍ സമര പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദര്‍ശനം, സിഡി പ്രകാശനം, രക്തസാക്ഷികളുടെയും സമര നേതാക്കളുടെയും കുടുംബാംഗങ്ങളെ ആദരിക്കല്‍ എന്നീ ചടങ്ങുകള്‍ നടന്നു. സമര രക്തസാക്ഷികളായ തിടില്‍ കണ്ണന്റ മകള്‍ നാരായണിയമ്മ, കീനേരി കുഞ്ഞമ്പുവിന്റെ സഹോദരി കീനേരി ജാനകി, സമര നേതാക്കളായിരുന്ന എ വി കുഞ്ഞമ്പുവിന്റെ മകന്‍ കെ വിജയകുമാര്‍, കെ കൃഷ്ണന്‍ മാസ്റ്ററുടെ പേരമകള്‍ ഊഷ്മള, പയങ്ങപ്പാടന്‍ കുഞ്ഞിരാമന്റെ മകന്‍ കുന്നുമ്മല്‍ രവീന്ദ്രന്‍, കോളിയാടന്‍ നാരായണന്‍ മാസ്റ്ററുടെ മകന്‍ ടി സുരേഷ് മാസ്റ്റര്‍, പുതിയടത്ത് രാമന്റെ മകന്‍ എന്‍ വി കൃഷ്ണന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. കരിവെള്ളൂരിന്റെ സ്മരണ പുതുക്കല്‍ എന്ന സിഡിയുടെ പ്രദര്‍ശനവും  'കരിവെള്ളൂരിന്റെ ഇന്നലെകള്‍ ' പുസ്തകം കൈമാറല്‍, സമരഭൂമി സന്ദര്‍ശനം തുടങ്ങിയ പരിപാടികളും അനുബന്ധമായി നടന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഗോപാലന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എം രാഘവന്‍ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വി അപ്പുക്കുട്ടന്‍, പഞ്ചായത്ത് സെക്രട്ടറി വി പി സന്തോഷ് കുമാര്‍ ,അസി സെക്രട്ടറി എം ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date