Skip to main content

കൊടുങ്ങല്ലൂര്‍ താലൂക്ക് തീരദേശവാസികളുടെ പ്രശ്‌നങ്ങളില്‍ സത്വരനടപടി- ജില്ലാ കളക്ടര്‍ ടി.വി. അനുപമ

കടല്‍ കരയിലേക്ക് കയറുന്നതു മൂലം കൊടുങ്ങല്ലൂര്‍ താലൂക്കിലെ തീരദേശവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സത്വരനടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ പ്രദേശവാസികള്‍ക്ക് ഉറപ്പുനല്‍കി. കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് തീരദേശവാസികള്‍ നടത്തിയ ദേശീയപാതാ ഉപരോധ സമരം അവസാനിപ്പിച്ചു. പ്രശ്‌ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തിയതിന് ശേഷമാണ് ജില്ലാകളക്ടര്‍ ടി.വി അനുപമ സമരക്കാരുമായി സംസാരിച്ചത്. ഇരിങ്ങാലക്കുട ആര്‍ഡിഒ ഡോ.എം.സി റജില്‍, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ ജെസ്സി ജെയിംസ് എന്നിവരും ജില്ലാകളക്ടറോടൊപ്പം ഉണ്ടായിരുന്നു. കടല്‍ കരയിലേക്ക് കയറുന്നത് മൂലം കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ കഴിഞ്ഞ ദിവസം ഏറിയാട് റോഡ് ഉപരോധിച്ചിരുന്നു. തുടര്‍നടപടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്ന് സമരം ദേശീയപാതയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒന്‍പതിനാരംഭിച്ച ഉപരോധസമരം വൈകീട്ട് മൂന്ന് മണിവരെ നീണ്ടു. അറപ്പ മുതല്‍ പെ ബസാര്‍ വരെയുള്ള തീരദേശവാസികളുടെ നേതൃത്വത്തിലായിരുന്നു സമരം. 
 

date