അങ്കണവാടികളില്‍ ഇനി ശിശുസൗഹൃദ ശൗചാലയങ്ങള്‍
ഛോട്ടാ ബീം, ഡോറ, ബെന്‍ ടെണ് എന്നിങ്ങനെ ശൗചാലയത്തിന്റെ ചുമരുകളില്‍ കുട്ടികള്‍ക്കിഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍. പ്രത്യേകം സജ്ജീകരിച്ച ക്ലോസറ്റ് സംവിധാനം. സുരക്ഷിതമായി നടക്കാന്‍ കൈപ്പിടികള്‍. ആയമാര്‍ക്ക് പുറത്തു നിന്നും നിരീക്ഷിക്കാവുന്ന രീതിയിലുള്ള നിര്‍മാണം. അങ്ങനെ നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അങ്കണവാടികള്‍ സ്മാര്ട്ടാവുകയാണ്. സ്വന്തമായി കെട്ടിടമുള്ള 258 അങ്കണവാടികളെയാണ് ശിശുസൗഹൃദ ശൗചാലയങ്ങള്‍ നിര്‍മിക്കാനായി പഞ്ചായത്ത് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ആദ്യ ഘട്ടമായി 20 അങ്കണവാടികളില്‍ ശൗചാലയ നിര്‍മാണം ഉടന്‍ ആരംഭിക്കും. വരുന്ന രണ്ടര വര്‍ഷത്തിനുള്ളില്‍ ബാക്കിയുള്ള അങ്കണവാടികളില്ക്കൂടി ശിശുസൗഹൃദ ശൗചാലയങ്ങള്‍ നിര്‍മിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി പറഞ്ഞു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 15 ലക്ഷം രൂപയാണ് ശിശു സൗഹൃദ ശൗചാലയങ്ങള്‍ നിര്‍മിക്കാനായി പഞ്ചായത്ത് ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. അങ്കണവാടി ഒന്നിന് 75,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ കെ. അജികുമാര്‍ പറഞ്ഞു. മലയിന്‍കീഴ്, മാറനല്ലൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍, ബാലരാമപുരം, കല്ലിയൂര്‍, പള്ളിച്ചല്‍ പഞ്ചായത്തുകളിലെ സ്വന്തമായി കെട്ടിടമുള്ള 258 അങ്കണവാടികളെയാണ് നിലവില്‍ പ്രോജക്ടിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനോടൊപ്പം സ്വന്തമായി സ്ഥലമുള്ള അങ്കണവാടികള്‍ക്ക് പഞ്ചായത്ത് സഹായത്തോടെ കെട്ടിടം നിര്‍മിക്കാനുള്ള നടപടികളും നടന്നുവരികയാണ്.
(പി.ആര്.പി 1647/2018)
- Log in to post comments