വര്‍ണാഭമായി ചെമ്പുകടവ് ഗവ. യു.പി സ്കൂളില്‍ ജില്ലാതല പ്രവേശനോത്സവം
പുസ്തക പൂക്കളില്‍ തേന്‍ കുടിക്കാനായി ചിത്രപതംഗങ്ങളെത്തി.....എന്ന സ്വീകരണ ഗാനത്തിനൊപ്പം വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ആവേശപ്പെരുമഴ പെയ്യിച്ച ഉത്സവാന്തരീക്ഷത്തില്‍ മലയോരമണ്ണിലെ ജില്ലാതല പ്രവേശനോത്സവം നിറപ്പകിട്ടാര്‍ന്നതായി. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് പേരാണ് പരിപാടിക്കെത്തിയത്. ജില്ലാതല പ്രവേശനോത്സവം ചെമ്പുകടവ് ഗവ. യു.പി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റ്ിംഗ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.
10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണ ഒന്നാം ക്ലാസിലേക്ക് 39 കുട്ടികള്‍ പ്രവേശനം നേടി എന്നത് സ്കൂളിന്റെ അഭിമാന നേട്ടമായി. പ്രീ-പ്രൈമറിയിലെ 44 കുട്ടികളടക്കം 280 വിദ്യാര്‍ഥികളാണ് സ്കൂളിലുള്ളത്. പഞ്ചായത്തിലെ കുടിയേറ്റ കര്‍ഷകരുടെയും സാധാരണക്കാരുടെയും ഏക ആശ്രയമായ സ്കൂള്‍ ചെമ്പുകടവ് പ്രദേശത്തെ അഞ്ച് ആദിവാസി കോളനികളിലെ കുട്ടികളുടെ കൂടെ പഠനകേന്ദ്രമാണ്. 48 ആദിവാസി കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
സ്കൂളില്‍ നിന്ന് വിരമിക്കുന്ന പാചകത്തൊഴിലാളി അമ്മുക്കുട്ടി അമ്മയെ ഡി.ഡി.ഇ ഇ കെ സുരേഷ്കുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. എല്‍.എസ്.എസ് ജേതാവായ വിഷ്ണുപ്രസാദിനെ ആദരിക്കല്‍ കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ രാധാകൃഷ്ണനും സംസ്കൃത സ്കോളര്‍ഷിപ്പ് വിതരണം എസ്.എസ്.എ ഡി.പി.ഒ എം ജയകൃഷ്ണനും കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ വിദ്യാര്‍ഥി ആഷില്ഷാക്കുള്ള ഉപഹാര വിതരണം വി.എച്ച്.എസ്.സി അസിസ്റ്റന്റ് ഡയറക്ടര്‍ എം ശെല്‍വമണിയും നിര്‍വഹിച്ചു.
എസ്.ടി വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി. വസീഫും സ്കൂള്‍ ബാഗുകള്‍ താമരശ്ശേരി ഡി.ഇ.ഒ കെ എസ് കുസുമവും സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ താമരശ്ശേരി എ.ഇ.ഒ കെ മുഹമ്മദ് അബ്ബാസും വിതരണം ചെയ്തു. പ്രധാനധ്യാപകന് വി ജെ എബ്രഹാം റിപ്പോര്‍ട്ട് അവരിപ്പിച്ചു. ഹയര്‍സെക്കണ്ടറി റീജിണല്‍ ഡയറക്ടര്‍ കെ ശകുന്തള, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റ്ിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടെസി ഷിബു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ പി ചാക്കോച്ചന്, യു ടി ഷാജു, സീനിയര്‍ ഡയറ്റ് ലക്ചര്‍ യു കെ അബ്ദുല്‍നാസര്‍, കൊടുവള്ളി ബി.പി.ഒ വി എം മെഹറലി, കെ സുലൈഖ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ടി ജെ ടെന്നിസന്, പി.ടി.എ പ്രസിഡന്റ് കെ എം നാസര്‍, പി ജെ ജോണ്സണ്, കുര്യന് വട്ടപ്പലത്ത്, എംപിടിഎ പ്രസിഡന്റ് ജൂലി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശ്രീനിഷ വിനോദ് നയിച്ച കലിക്കറ്റ് പെര്‍ഫോമന്‍സ് ഗ്രൂപ്പിന്റെ നാടന്‍പാട്ട് മഹോത്സവവും നടന്നു.
കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ പ്രവേശനോത്സവം മാനാഞ്ചിറ മോഡല്‍ ടി.ടി.ഐ സ്കൂളില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. കോര്പ്പറേഷന് വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. നവാഗതരെ മഷിപേന നല്‍കിയാണ് സ്വീകരിച്ചത്. സ്കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്റെ വക സ്റ്റീല്‍ പാത്രങ്ങളും നല്കി. ഹെഡ്മാസ്റ്റര് എം.കെ മോഹന്‍കുമാര്‍, പിടിഎ പ്രസിഡന്റ് ഷാരൂഖാ ബീഗം, കോര്പ്പറേഷന് വിദ്യഭ്യാസ പ്രൊജക്ട് കണ്‍വീനര്‍ വി.പി രാജീവന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
പ്രവേശനോത്സവത്തോടനുബന്ധിച്ച് കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടത്തിയ ചടങ്ങില്‍ ഹൈസ്കൂള്‍ വിഭാഗത്തിലെ 31 ഡിജിററല്‍ ക്ലാസ് റൂമുകള്‍ നഗരസഭാ ചെയര്മാന് അഡ്വ കെ.സത്യന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.സജീവ് കുമാര്‍ അധ്യക്ഷനായി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് കെ.ഷിജു, ഹെഡ്മാസ്റ്റര് മൂസ മേക്കുന്നത്ത്, സുരേഷ് കുമാര്‍, പ്രമോദ് -ആര് ,രാഗേഷ് കുമാര്‍, വിനോദ് , ആര്.എം രാജന് എന്നിവര്‍ സംസാരിച്ചു.
- Log in to post comments