അടിസ്ഥാന വിവരങ്ങളുടെ അപര്യാപ്തത കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു: ജസ്റ്റിസ് ജി. ശിവരാജന്‍
കൊച്ചി: അടിസ്ഥാന വിവരങ്ങളുടെ അപര്യാപ്തത മൂലം കമ്മീഷന് ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കാന്‍ കഴിയുന്നില്ലെന്ന് കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശിവരാജന്‍ പറഞ്ഞു. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1931 ല്‍ നടത്തിയ ജാതി സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ പരാതിക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നത്. അതിനാല്‍ തന്നെ ഓരോ പിന്നോക്ക വിഭാഗങ്ങളുടേയും ജനസംഖ്യയും കൃത്യമായി കണക്കാക്കാന്‍ സാധിക്കുന്നില്ല. അദാലത്തില്‍ അഖില കേരള പണ്ഡിതര്‍ മഹാജന സഭ സമര്‍പ്പിച്ച നിവേദനം, പ്രത്യേക സംവരണം ആവശ്യപ്പെട്ടു കൊണ്ട് കേരള വീരശൈവ (ജംഗം) സഭ സമര്‍പ്പിച്ച നിവേദനം, മലബാര്‍ ഭാഗം ഒഴികെയുള്ള പ്രദേശങ്ങളിലെ ബോയന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കണം എന്നത് സംബന്ധിച്ച വിഷയം എന്നീ പരാതികള്‍ പരിഗണിച്ചു.
ബോയന്‍ വിഭാഗത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല എന്ന പരാതിയില്‍ എറണാകുളം ജില്ലാ കളക്ടര്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. ബോയന്‍ വിഭാഗം പഴയ മലബാര്‍ പ്രദേശത്ത് പിന്നോക്ക വിഭാഗ (ഒ.ബി.സി) ലിസ്റ്റില്‍ പെടുന്നതാണ്. എന്നാല്‍ തിരുവിതാംകൂര്‍, കൊച്ചി പ്രദേശങ്ങളില്‍ ഈ വിഭാഗം എസ്.സി ലിസ്റ്റിലാണ് ഉള്‍പ്പെട്ടിരുന്നത്. പിന്നീട് ഇവരെ എസ്.സി ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തു. വാത്മീകിയുടെ പിന്‍തലമുറക്കാരാണെന്നും തൊട്ടുകൂടായ്മ അനുഭവിച്ചിട്ടില്ല എന്ന കാരണത്താലുമാണ് ഇവരെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തത്. ഈ സാഹചര്യത്തിലാണ് ബോയന്‍ സമുദായത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് എപ്രകാരം നല്‍കണം എന്ന സംശയം ഉയര്‍ന്നത്. നിലവില്‍ എറണാകുളം ജില്ലയിലെ നാല് താലൂക്കുകളിലായി നൂറ്റിയെണ്‍പതോളം കുടുംബങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. അതില്‍ പുരുഷന്‍മാര്‍, സ്ത്രീകള്‍, കുട്ടികള്‍, കുട്ടികളുടെ വിദ്യാഭ്യാസ വിവരങ്ങള്‍, സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കണക്കുകള്‍, ജീവിത നിലവാരം എന്നിവ പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂ. ബന്ധപ്പെട്ട തഹസില്‍ദാറുമായി സഹകരിച്ച് വിവരങ്ങള്‍ ഒരു മാസത്തിനകം നല്‍കാന്‍ എറണാകുളം ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി ഷീലാ ദേവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഇവരുടെ കൂടുതലായുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേറ്റ് ഒ.ബി.സി ലിസ്റ്റില്‍ ബോയന്‍ സമുദായത്തെ പെടുത്തുന്നത് സംബന്ധിച്ച് തീരുമാനിക്കും.
പ്രത്യേക സംവരണം ആവശ്യപ്പെട്ടുകൊണ്ടാണ് പണ്ഡിതര്‍ മഹാജന സഭ അദാലത്തില്‍ പങ്കെടുത്തത്. നിലവില്‍ ഈ വിഭാഗം ഒ.ബി.സി യില്‍ ഉള്‍പ്പെടുന്നതാണ്. എ.സി വിഭാഗത്തിലുള്ളവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂലമായ ഒ.ഇ.സി ആനുകൂല്യം നിര്‍ത്തലാക്കാതിരിക്കുക എന്നതായിരുന്നു മറ്റൊരു ആവശ്യം. കര്‍ണാടകയില്‍ നടപ്പാക്കിയതുപോലെ സ്വകാര്യ മേഖലയില്‍ സംവരണം വേണമെന്നും പണ്ഡിതര്‍ മഹാജന സഭ ആവശ്യപ്പെട്ടു. കേരള വീരശൈവ സമുദായത്തിന്റേയും ആവശ്യം പ്രത്യേക സംവരണം തന്നെയാണ്. എന്നാല്‍ ജാതി സര്‍വേയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇത് നടപ്പാക്കാന്‍ സാധിക്കൂ എന്നാണ് കമ്മീഷന്റെ ഭാഗം. ജാതി സംവരണം വേണമെങ്കില്‍ ആ ജാതിക്ക് കേരള ജനസംഖ്യയുടെ രണ്ട് ശതമാനത്തില്‍ കുറയാത്ത ജനസംഖ്യ ഉണ്ടായിരിക്കണം. നിലവില്‍ 15000 ല്‍ കൂടുതല്‍ ആളുകള്‍ മാത്രമേ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുള്ളൂ. കമ്മീഷന്‍ കൂടാതെ സമുദായ സംഘടനകളും ശക്തമായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ നടത്താന്‍ സാധിക്കൂ എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.
സാമൂഹികവും വിദ്യാഭ്യാസപരവുമായി മുന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളേജുകളിലും അനുവദിച്ചിരിക്കുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഈ പത്ത് ശതമാനം വിദ്യാഭ്യാസവും ജനബാഹുല്യവും കൊണ്ട് അവശരായ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ബാക്ക് വേഡ് ക്ലാസസ് (ഒ.ബി.സി) എംപ്ലോയീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ ഹയര്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ കമ്മീഷന്‍ തീരുമാനിച്ചു.
തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തി പ്രദേശം നിവാസികളായ ഒരു കൂട്ടം ആളുകള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന പരാതി പരിഗണിച്ചു. 52 ആളുകള്‍ 8 പരാതികളായി നല്‍കി. ഇവര്‍ റവന്യൂ അധികൃതരുടെ അടുത്ത് ജാതി സര്‍ട്ടിഫിക്കറ്റിനായി ചെന്നപ്പോള്‍ ഏത് ജാതിയില്‍പ്പെട്ട ആളാണെന്ന് അറിയാനുള്ള ഒരു രേഖയും അധികതരുടെ കൈവശം ഇല്ലെന്ന് പറഞ്ഞ് ആവശ്യം നിരസിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെത്തിയ ഇവര്‍ അവിടെ ഉപ്പുക്കുറവന്‍, മലൈക്കുറവന്‍ എന്നീ സമുദായങ്ങളില്‍പ്പെട്ടിരുന്നവരാണ്. കുട്ടനെയ്ത്ത് ആയിരുന്നു അവരുടെ പ്രധാന തൊഴില്‍. ഇപ്പോള്‍ പഴയ സാധനങ്ങള്‍ ശേഖരിക്കുകയും അവയുടെ വില്‍പ്പന നടത്തുകയും ചെയ്യുന്നു. ഈ വിഭാഗത്തില്‍പ്പെടുന്ന കൂടുതല്‍ ആളുകളും വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നതിനാല്‍ വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ അജിതയുടെ സഹായത്തിലാണ് ഇവര്‍ അദാലത്തില്‍ എത്തിയത്. അജിത തുടക്കം മുതലേ അവരുടെ പ്രശ്‌ന പരിഹാരത്തിനായി മുന്നോട്ട് വരികയും വിശദമായ പരാതി തയാറാക്കി തലപ്പിള്ളി തഹസില്‍ദാര്‍ക്കും ചെറുതുരുത്തി വില്ലേജ് ഓഫീസര്‍ക്കും നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ അന്വേഷിച്ച് തെളിവെടുത്ത് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇത് ഒരു വിഭാഗത്തിന്റെ ജാതി നിര്‍ണയവുമായി ബന്ധപ്പെട്ടതായതു കൊണ്ട് കിര്‍ത്താഡ്‌സിന്റെ ഒരു റിപ്പോര്‍ട്ട് കൂടി വാങ്ങുവാന്‍ തീരുമാനിച്ചു. അദാലത്തില്‍ പങ്കെടുക്കാന്‍ എത്തിയവരോട് ഇതിന്റെ ആവശ്യകത പറഞ്ഞു മനസിലാക്കുകയും കിര്‍ത്താഡ്‌സിനെ നേരില്‍ സമീപിക്കാനും പറഞ്ഞു. ഇതിനായി കിര്‍ത്താഡ്‌സിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുതു കൊടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഈ വിഭാഗത്തില്‍ വളരെ കുറച്ച് ആളുകള്‍ മാത്രം ഉള്‍പ്പെടുന്നതിനാല്‍ തന്നെ പഠനം നടത്തി കിര്‍ത്താഡ്‌സിന് വളരെ വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കും എന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.
ലാറ്റിന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട അഡ്വ. ഷെറി ജെ. തോമസ് മിശ്രവിവാഹിതരുടെ മക്കള്‍ക്ക് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല എന്ന പരാതിയിന്‍മേല്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.
എസ്.സി, എസ്.സി.ബി.സി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ രജിസ്ട്രാര്‍ ജോര്‍ജ് ചാക്കോയ്ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പിന്നാക്ക വിഭാഗ കമ്മീഷന്‍ മെമ്പര്‍മാരായ അഡ്വ. വി.എ ജെറോം, മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, മെമ്പര്‍ സെക്രട്ടറി ഡോ. വി വേണു എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
- Log in to post comments