ഇ-പോസ് : ഏത് റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം റേഷന്‍ ഉപഭോക്താക്കള്‍ ബില്ലുകള്‍ ചോദിച്ച് വാങ്ങണം
ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ഇ-പോസ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ പോര്‍ട്ടബിലിറ്റി സൗകര്യം ലഭ്യമായിട്ടുള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് സംസ്ഥാനത്തെ ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ കാര്‍ഡുമായി ചെന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ 832 റേഷന്‍ കടകളിലും മെയ് മാസം മുതല്‍ ഇ-പോസ് സംവിധാനം ഉപയോഗിച്ചുതുടങ്ങി. റേഷന്‍ വാങ്ങുന്നതിനായി കാര്‍ഡുടമകള്‍ തന്നെ കടയില്‍ ചെല്ലണമെന്നില്ല. കാര്‍ഡിലുള്‍പ്പെട്ട ഏതെങ്കിലും അംഗം കാര്‍ഡുമായി എത്തിയാല്‍ മതി. നെറ്റ്വര്‍ക്ക് ഇല്ലെങ്കില്‍ റേഷന്‍ ലഭിക്കില്ല എന്നത് വ്യാജപ്രചരണമാണ്. സാങ്കേതിക കാരണങ്ങളാല്‍ ഇ-പോസ് മെഷിനില്‍ വിരലടയാളം തിരിച്ചറിയപ്പെടാതെ പോയാല്‍ ഇതിന് പകരമായി രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ വരുന്ന വണ്‍ടൈം പാസ് വേഡ് ഉപയോഗിച്ച് സാധനം വിതരണം ചെയ്യാം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ സാധനം വാങ്ങാന്‍ വരുന്ന അംഗത്തിന്‍റെ കൈവശമില്ലെങ്കില്‍ മാനുവലായും വിതരണം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആദ്യത്തെ രണ്ട് മാര്‍ഗങ്ങളും ഫലപ്രദമല്ലാത്ത സാഹചര്യത്തില്‍ മാത്രമേ മാനുവലായി വിതരണം ചെയ്യാന്‍ പാടുള്ളൂ. അനാരോഗ്യം മൂലമോ പ്രായക്കൂടുതലോ കാരണം റേഷന്‍ കടയില്‍ പോകാനാകാത്തവര്‍ക്ക് റേഷന്‍ വാങ്ങാന്‍ അതേ റേഷന്‍ കടയിലെ തന്നെ മറ്റൊരു ഗുണഭോക്താവിനെ ചുമതലപ്പെടുത്താം. ഇതിനായി ചുമതലപ്പെടുത്തുന്ന ആളിന്‍റെ ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ് സഹിതം കാര്‍ഡുടമ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ആധാര്‍ ഇല്ലാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ല എന്നതും തെറ്റായ പ്രചരണമാണ്.
ഇ-പോസ് മെഷീന്‍റെ പ്രവര്‍ത്തന രീതി മൊബൈല്‍ ഫോണ്‍ പോലെയാണ്. സിം കാര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഷീന്‍ റേഞ്ച് കൂടുതലുള്ള മോബൈല്‍ സേവന ദാതാവിനെ കണ്ടെത്തിയാണ് പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളില്‍ ആന്‍റിന ഉപയോഗിച്ച് ഇ-പോസ് മെഷീന്‍ പ്രവ ര്‍ത്തിക്കും. പൂര്‍ണമായും മാനുവലായി റേഷന്‍ വാങ്ങാന്‍ ജില്ലയില്‍ അനുമതി ഉള്ളത് ഗവിയിലും കൊക്കാത്തോട്ടിലും മാത്രമാണ്. മറ്റെല്ലാ സ്ഥലങ്ങളിലും ഇ-പോസ് മെഷീന്‍ വഴി തന്നെ വിതരണം നടത്തണം. മെഷീന്‍ ഓണ്‍ ആക്കുമ്പോള്‍ പച്ച വെളിച്ചം തെളിയും. സ്കാനറില്‍ ഉപഭോക്താവിന്‍റെ കൈവിരല്‍ വയ്ക്കുന്നതോടെ കാര്‍ഡിലെ വിവരങ്ങളും അനുവദനീയമായ റേഷന്‍ വിഹിതവും മെഷീനില്‍ തെളിയും. ആവശ്യമായ സാധനങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ തുക കാണിക്കുന്ന ബില്ല് മെഷീനില്‍ പ്രിന്‍റ് ചെയ്ത് വരും. ഈ ബില്ല് ഉപഭോക്താക്കള്‍ നിര്‍ബന്ധമായും ചോദിച്ച് വാങ്ങണം. വാങ്ങുന്ന സാധനങ്ങളുടെ വിവരങ്ങള്‍ മെഷീനിലെ ലൗഡ് സ്പീക്കറില്‍ അനൗണ്‍സ് ചെയ്യുന്നുണ്ട്. വാങ്ങിയ സാധനങ്ങളുടെ വില, ബാക്കിയുള്ള വിഹിതം ഇവ എസ്എംഎസ് ആയി ഗുണഭോക്താവിന്‍റെ രജിസ്റ്റേഡ് മൊബൈലിലും ലഭിക്കും. ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ പുതിയ സാങ്കേതിക സംവിധാനത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. ഒറ്റപ്പെട്ട ചില സംഭവങ്ങളില്‍ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള കടയുടമകളുടെ ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സാങ്കേതികതയുടെ പേരില്‍ ക്രമക്കേടുകള്‍ കാണിക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 1534/18)
- Log in to post comments