Skip to main content

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിളളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്കിന്റെ പല ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ഏഴിക്കര ഗവ. ആയുര്‍വേദ ആശുപത്രിയിലെ ഡോ. നിഷ കെ രോഗപ്രതിരോധത്തെ പറ്റിയും പകര്‍ച്ചപ്പനിയെക്കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തി. ഡെങ്കിപ്പനിയാണ് മഴക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളി. ഈ വര്‍ഷം ഡെങ്കിപ്പനി പിടിപെടുന്ന ആളുകളുടെ എണ്ണം കുറവായിരിക്കും. എന്നാല്‍ അതിന്റെ തീവ്രത വളരെ കൂടുതലായിരിക്കും. അതിനാല്‍ ഇത്തരം പകര്‍ച്ചവ്യാധികള്‍ വരാതെ സൂക്ഷിക്കേണ്ടതാണ്. പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ പാലിക്കണം. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കണം. മാലിന്യ സംസ്‌കരണം ശരിയായ രീതിയില്‍ നടന്നില്ലെന്നില്‍ ജലജന്യ രോഗങ്ങള്‍ അതിവേഗത്തില്‍ പടരും. മാലിന്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന കൊതുക്, എലി എന്നിവ പെരുകുന്നതിനും അത് കാരണമാകും. സ്വയം ചികിത്സ പാടില്ല. ഇതിലൂടെ ലക്ഷണങ്ങള്‍ മാത്രമേ ഭേദപ്പെടുത്താന്‍ സാധിക്കൂ. രോഗം ശരീരത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് ഇന്നത്തെ തലമുറയ്ക്ക് രോഗ പ്രതിരോധശേഷി വളരെ കുറവാണ്. ഭക്ഷണക്രമം അതിന്റെ ഒരു പ്രധാന ഘടകമാണ്. പനിയുള്ളപ്പോള്‍ ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കണം. പ്രത്യേകിച്ച് കുഞ്ഞുങ്ങളെ പനി പൂര്‍ണമായും മാറാതെ സ്‌ക്കൂളില്‍ അയക്കാന്‍ പാടില്ല. മുതിര്‍ന്നവരും ജോലി സ്ഥലങ്ങളില്‍ നിന്നു മാറി ആവശ്യത്തിന് വിശ്രമിക്കേണ്ടതാണ്. അശ്രദ്ധ മൂലം രോഗങ്ങള്‍ മൂര്‍ഛിക്കുന്നത് ഒഴിവാക്കണം. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ടെസ്റ്റുകളും മരുന്നുകളും ചെയ്യേണ്ടതാണെന്ന് ക്ലാസില്‍ പറഞ്ഞു.

പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ആയുര്‍വേദ ആശുപത്രികളില്‍ നിന്നായി അഞ്ച് ഡോക്ടര്‍മാരും നാല് പാരാ മെഡിക്കല്‍ സ്റ്റാഫുമാണ് മെഡിക്കല്‍ ക്യാമ്പിന് എത്തിയത്. വാവക്കാട്, കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറികളില്‍ നിന്നും യഥാക്രമം ഡോ.തോമസ് ജിബിന്‍, ഡോ. അനില്‍കുമാര്‍ എ.കെ, ഡോ. നിഷ കെ, ഡോ. ജയലക്ഷ്മി, ഡോ. ബിനോ സേവ്യര്‍ എന്നിവരാണ് ക്യാമ്പ് നയിച്ചത്. രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച ക്യാമ്പില്‍ ഇരുന്നൂറോളം പേരാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. കൂടുതലും വൃദ്ധരാണ് പങ്കെടുത്തത്. ക്യാമ്പില്‍ നിര്‍ണയിക്കുന്ന രോഗങ്ങള്‍ക്കുള്ള മരുന്ന് വിതരണം സൗജന്യമാണ്. പകര്‍ച്ചവ്യാധികള്‍ക്കുള്ള മരുന്നുകളും ക്യാമ്പില്‍ നല്‍കി. ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടത്തിയത്.

ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഹാളില്‍ വച്ച് നടത്തിയ പരിപാടിയില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി സുധീര്‍, വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്‍ , സെക്രട്ടറി സി.ജി കമലാ കാന്ത പൈ, ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിതാ സ്റ്റാലിന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വേണു കെ. വളപ്പില്‍, സെക്രട്ടറി എന്‍.ആര്‍ വിജയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ക്യാപ്ഷന്‍: ചേന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ വച്ചു നടത്തിയ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

date