Skip to main content

 ജനപ്രതിനിധികൾ യോഗം ചേർന്നു

 

ഇടമലയാർ ജലസംഭരണിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ടി സംഭരണിയുടെ ഷട്ടറുകൾ തുറക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ഓൺലൈനായി ചേർന്നു. മന്ത്രി.പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എം പി മാർ, എം എൽ എ മാർ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാർ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ രണ്ട് പ്രളയങ്ങളെ നേരിട്ട പോലെ തന്നെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി. 

 

വടുതലയിൽ വെള്ളം ഒഴുകിപ്പോകുന്നതിനു തടസമായി ഉള്ള ബണ്ട് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെണ് ടി.ജെ. വിനോദ് എം എൽ എ യോഗത്തിൽ ആവശ്യപ്പെട്ടു. പോർട്ട് ട്രസ്‌റ്റുമായി സഹകരിച്ച് ഇതിനുള്ള നടപടി സ്വീകരിക്കാമെന്ന് മന്ത്രി മറുപടി നൽകി. പെരിയാറിന്റെ തീരപ്രദേശത്തുള്ള പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനങ്ങൾ  നടത്തുന്നതിനാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന് റോജി എം ജോൺ എം എൽ എ ആവശ്യപ്പെട്ടു. പലപ്പോഴും വെള്ളം കയറി റോഡുകൾ മുങ്ങുന്നതോടെ ഫയർഫോഴ്സിന് എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയാണ്. ഇത് ഒഴിവാക്കാൻ ലോകൽ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും യോഗത്തിൽ എം എൽ എ ആവശ്യം ഉന്നയിച്ചു. ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു പോകാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആന്റണി ജോൺ എം എൽ എ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിൽ ചപ്പാത്തുകൾ മുങ്ങി ഊരുകളിൽ എത്തിപ്പെടാനാവാത്ത അവസ്ഥയായിരുന്നു. രക്ഷാപ്രവർത്തനം സാധിക്കാത്ത അവസ്ഥയുമുണ്ടാകാറുണ്ട്. ഇത് ഒഴിവാക്കണ മെന്നും ആന്റണി ജോൺ ആവശ്യപ്പെട്ടു. 

എം പി മാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ , പ്രതിപക്ഷനേതാവ് വി ഡി സതീശൻ ,എം എൽ എ മാരായ എൽദോസ് കുന്നപ്പിള്ളി , അൻവർ സാദത്ത് , കെ ബാബു, പി.വി. ശ്രീനിജിൻ മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് , ജില്ലാ കളക്ടർ ജാഫർ മാലിക്, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ , ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

date