പരിശീലനത്തിന് അപേക്ഷിക്കാം
ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫ്‌സ് കോഴ്‌സിലേക്ക് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായ പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, തൈക്കാട്, തിരുവനന്തപുരം, ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, തലയോലപ്പറമ്പ്, കോട്ടയം, ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, പെരിങ്ങോട്ടുകുറിശ്ശി, പാലക്കാട്, ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്.
ആകെയുള്ള 130 സീറ്റുകളില്‍ 65 ശതമാനം മെറിറ്റടിസ്ഥാനത്തിലും 35 ശതമാനം സംവരണാടിസ്ഥാനത്തിലുമാണ് പ്രവേശനം. അപേക്ഷകര്‍ക്ക് 2018 ഡിസംബര്‍ 31 ന് 17 വയസ് തികഞ്ഞിരിക്കേണ്ടതും 30 വയസ് കവിയാന്‍ പാടില്ലാത്തതുമാണ്. പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് മൂന്നു വയസും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വയസും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷകര്‍ മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ട് സീറ്റുകളും പാരാമിലിറ്ററി/എക്‌സ് പാരാമിലിറ്ററി സര്‍വീസുകാരുടെ ആശ്രിതര്‍ക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhskerala.gov.inല്‍ ലഭിക്കും. ജനറല്‍ വിഭാഗത്തിന് 200 രൂപയും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 75 രൂപയുമാണ് അപേക്ഷാഫീസ്. പൂരിപ്പിച്ച അപേക്ഷ, നിശ്ചിത അപേക്ഷാഫീസ് '0210-80-800-88' എന്ന ശീര്‍ഷകത്തില്‍ ട്രഷറിയിലടച്ച രസീത് സഹിതം ജൂലൈ 16 വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കല്‍ ഓഫീസ്, മേല്‍ സൂചിപ്പിച്ച പരിശീലനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രവൃത്തിദിവസങ്ങളില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.2463/18
- Log in to post comments