Skip to main content
പി.എന്‍. പണിക്കരുടെ സ്മരണക്കായി നടത്തുന്ന വായനാവാരം എം.ബി.രാജേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു.

വായനാ വാരത്തിന് തുടക്കം സാമൂഹിക മാധ്യമങ്ങള്‍ വായനയെ ഗുണപരമായും ദോഷകരമായും സ്വാധീനിക്കുന്നു  -എം.ബി. രാജേഷ് എം.പി.

 

    സാമൂഹിക മാധ്യമങ്ങള്‍ വായനയെ ഗുണപരമായും ദോഷകരമായും സ്വാധീനിക്കുന്നുണ്ടെന്ന് എം.ബി. രാജേഷ് എം.പി. പറഞ്ഞു. പി.എന്‍. പണിക്കരുടെ സ്മരണക്കായി നടത്തുന്ന വായനാവാരം ഉദ്ഘാടനം ചെയ്യുകയായിരുന്ന എം.പി. സാമൂഹിക മാധ്യമങ്ങള്‍ ഒരേ സമയം വായനയ്ക്ക് അവസരവും വെല്ലുവിളിയുമാണ്. പുസ്തകങ്ങള്‍ക്ക് പകരം ഫോണിലൂടെയുള്ള വായന ഇന്ന് സാധ്യമാണ്. എന്നാല്‍ ആവശ്യമുള്ളതും ഇല്ലാത്തതും ഇന്‍റര്‍നെറ്റ് വഴി പ്രചരിക്കുന്നു. ശരിയായ വായന കണ്ടെത്തുന്നതിന് ഇത് തടസമാകുന്നു. ആത്മവിശ്വാസമുള്ള പൗരനെ സൃഷ്ടിക്കാന്‍ വായനയ്ക്കാവും. പരിചിതമല്ലാത്ത ലോകത്തെ പരിചയപ്പെടാന്‍ വായനയിലൂടെ സാധിക്കും. പടിപടിയായുള്ള വ്യക്തിത്വ വികസനത്തിന് വായനയാണ് മികച്ച മാര്‍ഗം. ഒരാളുടെ ജീവിത ശൈലിയ തന്നെ മാറ്റിയെടുക്കാനുള്ള ശക്തി വായനയ്ക്കുണ്ടെന്നും എം.പി. പറഞ്ഞു. ആള്‍ക്കൂട്ടത്തെ സമൂഹമാക്കി മാറ്റുന്നതാണ് വായനയെന്നും മനുഷ്യനെ നിരായുധരാക്കാന്‍ വായനയ്ക്കാവുമെന്നും പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരി എം.ബി. മിനി പറഞ്ഞു.
    ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെയും ലൈബ്രറി കൗണ്‍സിലിന്‍റെയും അഭിമുഖ്യത്തില്‍ ജൂണ്‍ 25 വരെയാണ്  വാരാഘോഷം.  പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരതാ മിഷന്‍, കാന്‍ഫെഡ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്. കൂടാതെ ലൈബ്രറി കൗണ്‍സില്‍  ജൂലൈ ഏഴ് വരെ വായനാപക്ഷത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.  വിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും സാക്ഷരതാ മിഷന്‍ പൊതുജനങ്ങള്‍ക്കുമായി കവിതാലാപന മത്സരം സംഘടിപ്പിക്കും.  വിദ്യാഭ്യാസ വകുപ്പ് ക്വിസ് മത്സരവും സംഘടിപ്പിക്കും. ലൈബ്രറി കൗണ്‍സില്‍ സെമിനാറുകള്‍, പുസ്തക പ്രദര്‍ശനം വനിതാ വായന കൂട്ടായ്മ, സ്കൂളുകളിലെ എഴുത്ത്പെട്ടി വിപുലീകരണം, സ്കൂള്‍ ലൈബ്രറികളുടെ ശാക്തീകരണം, അമ്മ വായന സദസ്, ലഹരി വിരുദ്ധ സഭകള്‍, വീടുകളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിക്കുന്ന അക്ഷരഭിക്ഷ, പൊന്‍കുന്നം വര്‍ക്കി-വൈക്കം മുഹമ്മദ് ബഷീര്‍-ഐ.വി.ദാസ് അനുസ്മരണം എന്നിവ നടത്തും.     ബി.ഇ.എം ഹൈസ്കൂളില്‍ നടന്ന പരിപാടിയില്‍  ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.കെ സുധാകരന്‍ അധ്യക്ഷനായി.   എ.ഡി.എം റ്റി. വിജയന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭ, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സെയ്തലവി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ചാര്‍ജ് യു.സായ്ഗിരി, കാന്‍ഫെഡ് ജില്ലാ സെക്രട്ടറി പി.എസ്. നാരായണന്‍, ജില്ലാ സാക്ഷരതാ സമിതി അംഗം പേരൂര്‍ പി. രാജഗോപാലന്‍, ജില്ലാ സാക്ഷരതാ മിഷന്‍ അസി. കോഡിനേറ്റര്‍ പി.വി പാര്‍വതി, പ്രധാനധ്യാപിക ജോയ്സി കെ. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date