Skip to main content

പുസ്തകങ്ങളും പുരാവസ്തുക്കളും;  വായനദിനാഘോഷം വേറിട്ടതായി 

 

125 വര്‍ഷത്തെ പഴക്കമുള്ള കലപ്പയും 49 വര്‍ഷത്തെ പഴക്കമുള്ള രാമായണവും 150 വര്‍ഷം പഴക്കമുള്ള മരുന്നുരയ്ക്കാനുള്ള ചട്ടിയും ഉള്‍പ്പെടെ കടന്നുപോയൊരു കാലത്തിന്റെ അടയാളപ്പെടുത്തലുകള്‍ അടുത്തറിയാനുള്ള അവസരം കൂടിയായി മലയിന്‍കീഴില്‍ നടന്ന വായനദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുരാവസ്തു പ്രദര്‍ശനം.  ഇത്തരത്തിലുള്ള കാലാതിവര്‍ത്തിയായ പുരാവസ്തുക്കള്‍ ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള സംവിധാനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത പുരാവസ്തു-പുരാരേഖ- മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.  80 വര്‍ഷം പഴക്കമുള്ള ഖുര്‍-ആനും 55 വര്‍ഷം പഴക്കമുള്ള ഭഗവദ്ഗീതയും കാഴ്ചക്കാര്‍ കൗതുകത്തോടെ കണ്ടുനിന്നു.  50 വര്‍ഷം പഴക്കമുള്ള മുളനാഴിക്കും ചെമ്പിനുമൊപ്പം പഴയകാലത്ത് നിലവിലിരുന്ന നാണയങ്ങള്‍ വിവിധ രാജ്യങ്ങളിലെ കറന്‍സികള്‍, സ്റ്റാമ്പ് തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്.  മലയിന്‍കീഴ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും പുന്നമൂട് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും ഹയര്‍സെക്കന്‍ഡറി - പത്താംക്ലാസ് വിദ്യാര്‍ഥികളാണ് പുരാവസ്തുക്കള്‍ ശേഖരിച്ച് പ്രദര്‍ശനം സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തള കുമാരി, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രന്‍ നായര്‍ തുടങ്ങിയവരും പ്രദര്‍ശനം കാണാന്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.  മലയിന്‍കീഴ് ഗ്രാമപഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും വിദ്യാഭ്യാസ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
(പി.ആര്‍.പി 1682/2018)

date