ഗെയില്‍ പൈപ്പ് ലൈന്‍: കാര്‍ഷികവിളകള്‍ക്ക് നഷ്ടപരിഹാരമായി ജില്ലയില്‍ നല്‍കിയത് 15 കോടി രൂപ
നാടെങ്ങും കുറഞ്ഞ ചെലവില്‍ പ്രകൃതിവാതകം എത്തിക്കുന്നതിനുള്ള ഗെയില്‍ പൈപ്പ് ലൈന്‍ പ്രവൃത്തിക്കായി സ്ഥലമേറ്റെടുത്തപ്പോള്‍ കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ജില്ലയില്‍ ഇതുവരെ നഷ്ടപരിഹാരമായി നല്‍കിയത് 15 കോടി രൂപ. പൈപ്പ് ലൈന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ സര്‍വ്വേ നടത്തി ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരവും യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കാനാണ് അധികൃതരുടെ തീരുമാനം. പുതുക്കിയ ന്യായവിലയുടെ 10 മടങ്ങായി വിപണി വില നിജപ്പെടുത്തിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. പത്തു സെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവര്‍ക്ക് ആശ്വാസധനമായി അഞ്ചു ലക്ഷം രൂപയും നല്‍കും.
ഒട്ടേറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ നവംബറോടെയാണ് ജില്ലയില്‍ പൈപ്പ് ലൈന്‍ പ്രവൃത്തി ആരംഭിക്കാന്‍ ഗെയിലിനായത്. എന്നാല്‍ ദ്രുതഗതിയില്‍ നടക്കുന്ന പ്രവൃത്തി ജില്ലയില്‍ ഇതിനകം അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. ഒമ്പതു യൂണിറ്റുകളായിട്ടാണ് ജില്ലയില്‍ പൈപ്പ് ലൈന്‍ പ്രവൃത്തി നടക്കുന്നത്. ജില്ലയിലൂടെ കടന്നു പോകുന്ന 58.5 കിലോമീറ്റര്‍ ദൂരത്തില്‍ 32 കിലോമീറ്റര്‍ ദൂരം പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 42 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈനിന്റെ വെല്‍ഡിംഗും പൂര്‍ത്തീകരിച്ചു. 20 മീറ്റര്‍ വീതിയിലാണ് പൈപ്പ് സ്ഥാപിക്കുന്നതിന് ഭൂമി എടുക്കുന്നത്. ഇതില്‍ 10 മീറ്റര്‍ മാത്രമേ പൈപ്പിടാന്‍ ഉപയോഗിക്കുന്നുള്ളു. ബാക്കിവരുന്ന 10 മീറ്റര്‍ ഭൂമി നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായശേഷം തിരിച്ചു നല്‍കും. ഇത് ഭൂഉടമക്ക് വിനിയോഗിക്കാം.
പൈപ്പ് ലൈന്‍ കടന്നു പോകുന്ന ജില്ലകളില്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലൂടെ കടന്ന് മംഗളൂരുവിലെത്തുന്ന 310 കിലോമീറ്റര്‍ ദൂരം ഈ വര്‍ഷം ഒക്ടോബറോടെ കമ്മീഷന്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- Log in to post comments