കൊണ്ടോട്ടിയില്‍ സബ് ആര്‍.ടി. ഓഫീസ് പരിഗണനയില്‍ - മന്ത്രി എ.കെ.ശശീന്ദ്രന്‍
സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ ഇല്ലാത്ത കൊണ്ടോട്ടിയുള്‍പ്പെടെ ഏഴ് താലൂക്കുകളില്‍ ആര്‍.ടി. ഓഫീസ് സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. നിയമസഭയില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇതു പുതിയ പദ്ധതിയായി 2018-19 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലിക്കറ്റ് എയര്‍പോര്‍ട്ട് ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൊണ്ടോട്ടിയില്‍ ആര്‍.ടി.ഓഫീസ് സ്ഥാപിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. ജനപ്രതിനിധികള്‍ സമര്‍പ്പിച്ച നിവേദനങ്ങള്‍ കൂടി കണക്കിലെടുത്ത് വിശദമായ പ്രപ്പോസല്‍ തയ്യാറാക്കാന്‍ ഗതാഗത കമ്മീഷണര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ ആര്‍.ടി. ഓഫീസുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതിനകം ആറ് സബ് ആര്‍.ടി. ഓഫീസുകള്‍ ആരംഭിച്ചുവെന്നും ഇവിടങ്ങളില്‍ പത്ത് വീതം ജീവനക്കാരെ നിയമിച്ചുവെന്നും മന്ത്രി അറിയിച്ചു.
- Log in to post comments